പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നതില്‍ അനാസ്ഥ; ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് സർക്കാർ

Jaihind Webdesk
Friday, December 23, 2022

 

കൊച്ചി: പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ഹൈക്കോടതി ഉത്തരവ് പാലിക്കാത്തതില്‍ നിരുപാധികം മാപ്പ് പറഞ്ഞ് സര്‍ക്കാര്‍. നടപടികള്‍ നീണ്ടുപോകുന്നതില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കേസില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു നേരിട്ട് കോടതിയില്‍ ഹാജരായി.

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിലും ഓഫീസുകളിലും രാജ്യവ്യാപകമായി എൻഐഎ, ഇഡി എന്നിവർ നടത്തിയ റെയ്ഡിനെതിരെയായിരുന്നു പോപ്പുലർ ഫ്രണ്ടിന്‍റെ ഹർത്താൽ. സംഭവത്തിൽ 5.20 കോടി രൂപ നാശനഷ്ടമുണ്ടായതായി സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഈ നഷ്ടം റവന്യു റിക്കവറിയിലൂടെ പിടിച്ചെടുക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. ഇക്കാര്യത്തിൽ സർക്കാർ കാട്ടിയ അനാസ്ഥയെ ഹൈക്കോടതി നിശിതമായി വിമർശിച്ചു.  തുക ഈടാക്കുന്നതിനുള്ള സമയപരിധി ജനുവരി 31 ൽ കൂടുതൽ നീട്ടി നൽകാനാവില്ലെന്നും സ്വീകരിച്ച നടപടികൾ ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി നേരിട്ടെത്തി അറിയിക്കാനും കോടതി ഉത്തരവിട്ടു.

ജനുവരി 15-ാം തീയതിക്കുള്ളില്‍ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി രേഖാമൂലം ഉറപ്പ് നല്‍കി. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.