കശ്മീര്‍ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് പി.ചിദംബരം

Jaihind Webdesk
Monday, August 5, 2019

ജമ്മു കശ്മീരില്‍ നടക്കുന്ന സംഭവങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ഇന്നത്തെ ദിവസം അവസാനിക്കും മുമ്പ് ജമ്മു കശ്മീരില്‍ എന്തെങ്കിലും വലിയ പ്രതിസന്ധി ഉണ്ടാകുമോ എന്ന കാര്യം നമ്മള്‍ അറിയുമെന്ന് ചിദംബരം ട്വീറ്റ് ചെയ്തു.

ചിദംബരത്തിന്‍റെ ട്വീറ്റ് ഇങ്ങനെ, ‘ഈ ദിവസം അവസാനിക്കും മുമ്പ് ജമ്മു കശ്മീരില്‍ എന്തെങ്കിലും വലിയ പ്രതിസന്ധി ഉണ്ടാകുമോ എന്ന കാര്യം നമ്മള്‍ അറിയും. അശുഭകരമായതൊന്നും സംഭവിക്കാതിരിക്കട്ടെ എന്ന് പ്രതീക്ഷിക്കാം’.

എല്ലാ ജനാധിപത്യ രീതികളെയും സര്‍ക്കാര്‍ അട്ടിമറിക്കുമെന്നതിന്‍റെ ഉദാഹരണമാണ് നേതാക്കളുടെ വീട്ടുതടങ്കലെന്നും വീട്ടുതടങ്കലില്‍ അപലപിക്കുന്നെന്നും ചിദംബരം ട്വിറ്ററില്‍ കുറിച്ചു.

കശ്മീരില്‍ അതിസാഹസികമായ എന്തോ നീക്കത്തിനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് താന്‍ മുന്നറിയിപ്പു നല്‍കിയിരുന്നതായും ചിദംബരം ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസ് എംപി ശശി തരൂരും കശ്മീരിലെ സംഭവവികാസങ്ങളില്‍ ആകുലത പ്രകടിപ്പിക്കുകയും കശ്മീര്‍ നേതാക്കള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള, സി.പി.ഐ.എം ജമ്മുകശ്മീര്‍ സംസ്ഥാന സെക്രട്ടറിയും എം.എല്‍.എയുമായ മുഹമ്മദ് യൂസഫ് തരിഗാമി, കോണ്‍ഗ്രസ് നേതാവും ബന്ദിപ്പോര എം.എല്‍.എയുമായ ഉസ്മാന്‍ മജീദ്, ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജാദ് ലോണ്‍ എന്നിവരാണ് വീട്ടുതടങ്കലിലായത്.

ഇവരെ വീട്ടുതടങ്കലിലാക്കിയതിന്റെ കാരണം വ്യക്തമല്ല. ഇന്നലെ അര്‍ധരാത്രിയിലായിരുന്നു സൈനികനീക്കം. കഴിഞ്ഞയാഴ്ചയാണ് കേന്ദ്രം കശ്മീരില്‍ രണ്ടുതവണയായി 38,000 അര്‍ധസൈനികരെ വിന്യസിച്ചത്.