ഗഡ്കരിയെ പരിഹസിച്ചും തലോടിയും രാഹുല്‍

Jaihind Webdesk
Monday, February 4, 2019

RahulGandhi NithinGadkari

സ്വന്തം പാര്‍ട്ടിയെയും നേതാക്കളെയും നേര്‍വഴിക്ക് നടത്താന്‍ ശ്രമിക്കുന്ന ഗഡ്കരിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്വന്തം കുടുംബം നോക്കാന്‍ കഴിയാത്തവര്‍ക്ക് രാജ്യം നോക്കാന്‍ കഴിയില്ലെന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വാക്കുകളെ ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസത്തിന്‍റെ തലോടലോടെ രാഹുലിന്‍റെ അഭിനന്ദനം. റഫേല്‍ വിവാദവും അനില്‍ അംബാനിയും, കര്‍ഷകരുടെ ദുരിതം, പൊതുമേഖലാ തകര്‍ക്കല്‍ തുടങ്ങിയ വിഷയങ്ങളിലും ഗഡ്കരി അഭിപ്രായം പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

‘ഗഡ്കരി ജീ അഭിനന്ദനങ്ങള്‍… ഭാരതീയ ജനതാപാര്‍ട്ടിയില്‍ ചങ്കൂറ്റമുള്ള ഒരേയൊരാള്‍ താങ്കളാണ്. റഫേല്‍ വിവാദവും അനില്‍ അംബാനിയും, കര്‍ഷകരുടെ ദുരിതം, പൊതുമേഖലാ തകര്‍ക്കല്‍ തുടങ്ങിയ വിഷയങ്ങളിലും അഭിപ്രായം പറയണം.’ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

എബിവിപി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവേയാണ് ഗഡ്കരി ബിജെപിയെ വിമര്‍ശിച്ചത്. നിരവധി ആള്‍ക്കാര്‍ പാര്‍ട്ടിക്കും രാജ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കണമെന്ന ആഗ്രഹവുമായി മുന്നോട്ട് വരുന്നുണ്ടെങ്കിലും സ്വന്തം വീട് നന്നായി നോക്കാത്തവര്‍ക്ക് ഒരിക്കലും രാജ്യത്തെ സേവിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം വീടും കുടുംബവും നോക്കി നടത്താന്‍ പറ്റാത്തവര്‍ക്ക് ഒരിക്കലും രാജ്യത്തോടുളള കടമ നിറവേറ്റാന്‍ സാധിക്കില്ല. അതുകൊണ്ട് ആദ്യം കുടുംബത്തിന്‍റെയും കുട്ടികളുടെയും കാര്യം നോക്കിയിട്ട് രാഷ്ട്രത്തെ സേവിക്കുക എന്നായിരുന്നു ഗഡ്കരിയുടെ പ്രസ്താവന.

ഗഡ്കരിയുടെ വാക്കുകള്‍ നരേന്ദ്രമോഡിയെ ഉന്നം വെച്ചാണെന്ന് വ്യക്തമാണ്. ചങ്കൂറ്റത്തോടെ പാര്‍ട്ടിയിലെ കൊള്ളരുതായ്മകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന അദ്ദേഹത്തെ അഭിനന്ദിച്ചാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. മുന്‍പും ബിജെപി നേതാക്കള്‍ക്കെതിരെ ഗഡ്കരി വിമര്‍ശനമുന്നയിച്ചിരുന്നു.[yop_poll id=2]