തിരുവനന്തപുരം മെഡി. കോളേജില്‍ മരുന്നു മാറിനല്‍കി; വാതത്തിനുള്ള മരുന്നിന് പകരം നല്‍കിയത് ഹൃദ്രോഗത്തിന്‍റെ മരുന്ന്

Jaihind Webdesk
Monday, October 9, 2023

 

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരുന്ന് മാറി നല്‍കി. വാതത്തിനുള്ള മരുന്നിനു പകരം ഹൃദ്രോഗത്തിനുള്ള മരുന്നാണ് ഫാര്‍മസിയില്‍ നിന്ന് രോഗിക്ക് നല്‍കിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് വാതരോഗം ഭേദമാക്കാനായി പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍ ഡോക്ടര്‍ നല്‍കിയ മരുന്നിന് പകരം ഫാര്‍മസിയില്‍ നിന്ന് നല്‍കിയത് ഹൃദ്രോഗത്തിനുള്ള മരുന്നായിരുന്നു.

മരുന്ന് കഴിച്ച് കുട്ടിയുടെ ആരോഗ്യനില വഷളായപ്പോഴാണ് മരുന്നു മാറിയെന്ന വിവരം മനസിലായത്. 45 ദിവസത്തോളമാണ് പെണ്‍കുട്ടി ഫാര്‍മസിയില്‍ നിന്ന് നല്‍കിയ മരുന്ന് കഴിച്ചത്. തുടര്‍ന്ന് ഛര്‍ദ്ദിയും ഞരമ്പുകളില്‍ നിന്ന് രക്തം പൊട്ടിയൊലിക്കുന്ന അവസ്ഥയും ഉണ്ടായി. ആരോഗ്യനില വഷളായ കുട്ടിയെ കഴിഞ്ഞ ദിവസം രാത്രി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയും വിവരം അറിയിച്ചയുടനെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും പൊലീസിനും പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.