മർദ്ദിച്ചെന്ന് പറഞ്ഞിട്ടും ചികിത്സ ഉറപ്പാക്കിയില്ല; കിളികൊല്ലൂർ പോലീസ് മര്‍ദ്ദനത്തിൽ മജിസ്ട്രേറ്റിനെതിരെ പരാതി

Jaihind Webdesk
Tuesday, October 25, 2022

 

കൊച്ചി: കൊല്ലം കിളികൊല്ലൂരിൽ സൈനികനേയും സഹോദരനെയും പോലീസ് ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ മജിസ്ട്രേറ്റിനെതിരെ പരാതി. പൂര്‍വസൈനിക സേവാ പരിഷത്താണ് കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതി റജിസ്ട്രാർക്ക് പരാതി നല്‍കിയത്.

സൈനികനും സഹോദരനും പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി മജിസ്ട്രേറ്റിനെ അറിയിച്ചെങ്കിലും ചികിത്സ ഉറപ്പാക്കിയില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പോലീസ് ആവശ്യപ്പെട്ട പ്രകാരം മജിസ്ട്രേട്ട് ഇരകളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. നിരുത്തരവാദപരമായി പെരുമാറിയ മജിസ്ട്രേറ്റിനെതിരെ നടപടി വേണമെന്ന് പൂര്‍വസൈനിക സേവാ പരിഷത്ത് പരാതിയില്‍ ആവശ്യപ്പെടുന്നു.

വിഗ്നേഷിനെയും സഹോദരനും സൈനികനുമായ വിഷ്ണുവിനെയും കിളികൊല്ലൂർ പോലീസ് മർദ്ദിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സൈനികന്‍ മർദ്ദിച്ചെന്ന് വരുത്താനായി പുറത്തുവിട്ട വീഡിയോ പോലീസിന് തന്നെ വിനയാവുകയായിരുന്നു. പോലീസുകാരന്‍ സൈനികന്‍റെ മുഖത്തടിക്കുന്നതും സൈനികന്‍ തിരിച്ചടിക്കുന്നതുമാണ്  ദൃശ്യങ്ങളിലുള്ളത്. തുടർന്ന് ഇരുവരെയും പോലീസ് വളഞ്ഞിട്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു.