യുവതിക്ക് നേരെ ലൈംഗികാതിക്രമം; കോമഡി താരം ബിനു കമല്‍ പിടിയില്‍

Jaihind Webdesk
Thursday, October 12, 2023

കെഎസ്ആര്‍ടിസി ബസില്‍ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ കേസില്‍ കോമഡി താരം ബിനു കമല്‍ റിമാന്‍ഡില്‍. വട്ടപ്പാറ പോലീസാണ് ബിനു കമലിനെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് നിലമേലിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയോട് വട്ടപ്പാറ ഭാഗത്ത് എത്തിയപ്പോള്‍ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുകയായിരുന്ന പ്രതി അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം കാണിക്കുകയുമായിരുന്നു. ശല്യം സഹിക്കവയ്യാതെ യുവതി ബഹളം വച്ചതിനെ തുടര്‍ന്ന് വട്ടപ്പാറ ജംഗ്ഷനില്‍ ബസ് നിര്‍ത്തി. അപ്പോള്‍ പ്രതി ബസില്‍ നിന്ന് ഇറങ്ങിയോടി. സ്ഥലത്തെത്തിയ വട്ടപ്പാറ പോലീസും യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു.