‘കയർ ബോർഡിൽ ഉത്തരേന്ത്യൻ ലോബിയുടെ ഭരണമാണ് നടക്കുന്നത്’: മുഹമ്മദ് ഷിയാസ്

Jaihind News Bureau
Tuesday, February 11, 2025

കൊച്ചി: കയർ ബോർഡിൽ ഉത്തരേന്ത്യൻ ലോബിയുടെ ഭരണമാണ് നടക്കുന്നതെന്ന് ഡിസിസി പ്രസിഡന്‍റ്  മുഹമ്മദ് ഷിയാസ് വ്യക്തമാക്കി. അഴിമതിക്കാരായ ഉദ്യോഗസ്‌ഥരാണ്‌ കയർ ബോർഡ് ഭരിക്കുന്നതെന്നും  ഇവർ ജീവനക്കാരെ കടുത്ത മാനസിക സമ്മർദ്ദത്തിന് വിധേയമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അവിടെ അഴിമതിക്ക് കൂട്ട് നിൽക്കാത്ത ജീവനക്കാരെ മാനസികമായി പീഡിപ്പിക്കുകയാണ് . ഉദ്യോഗസ്‌ഥരുടെ മുഖത്തെ ഭീതി കയർ ബോർഡ് ഓഫീസിലെത്തിയ തനിക്ക് നേരിട്ട് ബോധ്യമായതാണ്. ജീവനക്കാരിയുടെ മരണവുമായി ബന്ധപ്പെട്ട ബോർഡ് ചെയർമാനും സെക്രട്ടറിക്കുമെതിരെ ഇപ്പോൾ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്നും ഷിയാസ് കുറ്റപ്പെടുത്തി.

കൊച്ചി കയർ ബോർഡ് ഓഫീസിൽ തൊഴിൽ പീഡന പരാതി നൽകിയ ജീവനക്കാരി മരിച്ച സംഭവത്തിൽ കയർ ബോർഡ് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചും നടത്തി. കാന്‍സർ രോഗി കൂടിയായിരുന്ന കൊച്ചി പാലാരിവട്ടം ആലിൻചുവട് സ്വദേശി ജോളി മധുവാണ് തലയിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിൽ കയർ ബോർഡ് ചെയർമാനും, മുൻ സെക്രട്ടറിക്കുമെതിരെ പരാതിയുമായി കുടുംബം രംഗത്തെത്തിയിരുന്നു. ചൊവ്വാഴ്ച സംഭവത്തിൽ കൊച്ചി കയർബോർഡ് ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് കനത്ത പ്രതിഷേധമുയർത്തി. തൊഴിലാളിയുടെ മരണത്തിന് കാരണക്കാരായവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധം നടന്നത്.

അതേസമയം,  മുഹമ്മദ് ഷിയാസ് വിഷയത്തില്‍ കയർ ബോർഡിനെതിരെ രംഗത്ത് വന്നു. ‘മൂന്ന് ബോർഡംഗങ്ങളാണ് അന്വേഷണം നടത്തുന്നത്. ഇത് സ്വീകാര്യമല്ല. പത്ത് ദിവസത്തിനകം അന്വേഷണം പോർത്തിയാക്കി റിപ്പോർട്ട് നൽകാമെന്ന് അഡീഷണൽ സെക്രട്ടറി ഉറപ്പ് നൽകിയിട്ടണ്ട്. തൊഴിൽ പീഡനത്തെ തുടർന്ന് മരിക്കാനിടയായ ജോളി മധുവിന് നീതി ലഭിച്ചില്ലെങ്കിൽ കയർ ബോർഡ് ആസ്‌ഥാനത്തിന് മുന്നിൽ കോൺഗ്രസ് പ്രക്ഷോഭം ആരംഭിക്കുമെന്നും ഷിയാസ് മുന്നറിയിപ്പ് നൽകി. ദീർഘകാലം കയർ ബോര്ഡില് ജോലി ചെയ്ത ജീവനക്കാരിയുടെ മൃതദേഹം പൊതു ദർശനത്തിനു വെയ്ക്കാൻ പോലും അനുവദിക്കാത്ത മനുഷ്യത്വ രഹിതമായ നിലപാടാണ് കയർ ബോർഡ് കൈക്കൊണ്ടതെന്നും’ ഷിയാസ് കുറ്റപ്പെടുത്തി.