എറണാകുളം: കൊച്ചിൻ സർവ്വകലാശാല യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യു സർവ്വാധിപത്യം. ചെയർമാൻ, ജന: സെക്രട്ടറി, ട്രഷറാർ സീറ്റുകളിൽ ഉൾപ്പടെ വിജയിച്ച് കുസാറ്റിൽ കെഎസ്‌യു ശക്തി തെളിയിച്ചു. 31 വർഷങ്ങൾക്കു ശേഷമാണ് യൂണിവേഴ്സിറ്റി യൂണിയൻ കെഎസ്‌യു തിരിച്ചുപിടിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
ചെയർമാൻ കുര്യൻ ബിജു, വൈസ് ചെയർപേഴ്സൺ നവീൻ മാത്യൂ, ജന: സെക്രട്ടറി അർച്ചന എസ്.ബി, ജോ. സെക്രട്ടറി മുഹമ്മദ് റാഷിദ് ,ട്രഷറാർ ബേസിൽ എം. പോൾ, വിവിധ വിഭാഗങ്ങളിലെ സെക്രട്ടറിമാരായി മുഹമ്മദ് നഫീഹ് കെ.എം, മുഹമ്മദ് സൈനുൽ ആബിദീൻ, സയ്യിൽ മുഹമ്മദ് ഇ.പി, ഫാത്തിമ പി, നിജു റോയ്, ഷിനാൻ മുഹമ്മദ് ഷെരീഫ്, ബേസിൽ ജോൺ എൽദോ, ശരത് പി. ജെ., എന്നിവർ കെഎസ്‌യു പാനലിൽ വിജയിച്ചു. ഇത്തവണ കെഎസ്‌യു ഒറ്റക്കാണ് കൊച്ചിൻ സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.
ജന വിരുദ്ധ സർക്കാരുകൾക്കെതിരെയുള്ള വിദ്യാർത്ഥികളുടെ വിധിയെഴുത്താണ് കൊച്ചിൻ സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ പറഞ്ഞു. കാലിക്കറ്റ് സർവ്വകലാശാലക്ക് പിന്നാലെ കുസാറ്റിലും കെഎസ്‌യുവിന് കരുത്തുകാട്ടാനായി. വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായുള്ള ട്രയൽ റണ്ണാണ് കുസാറ്റിൽ പ്രതിഫലിച്ചതെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് വ്യക്തമാക്കി.