‘ശബ്ദസന്ദേശം പുറത്തുവിട്ടത് ഭരണം നിലനിർത്താന്‍, സ്പ്രിങ്ക്ളറില്‍ മുഖ്യമന്ത്രിയുടെ മകള്‍ കോടികള്‍ സമ്പാദിച്ചു’; ഗുരുതര വെളിപ്പെടുത്തലുകളുമായി സ്വപ്നയുടെ ആത്മകഥ

Jaihind Webdesk
Monday, October 10, 2022

തിരുവനന്തപുരം: ഗുരുതര വെളിപ്പെടുത്തലുകളുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്‍റെ ആത്മകഥ. ചതിയുടെ പത്മവ്യൂഹം എന്ന പേരിലുള്ള ആത്മകഥയിലാണ് സ്വപ്നയുടെ പുതിയ വെളിപ്പെടുത്തൽ. തൃശൂർ കറന്‍റ് ബുക്‌സ് പുറത്തിറക്കുന്ന ആത്മകഥയിൽ മുഖ്യമന്ത്രിയും മകളും ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള വെളിപ്പെടുത്തലുകൾ ഉണ്ട്. സ്പ്രിങ്ക്ളർ ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ കോടികള്‍ സമ്പാദിച്ചെന്ന് സ്വപ്ന പറയുന്നു. ചെന്നൈ ക്ഷേത്രത്തിൽ വെച്ച് ശിവശങ്കർ തന്നെ താലിചാർത്തിയെന്ന വെളിപ്പെടുത്തലുമുണ്ട്.

‘ചതിയുടെ പത്മവ്യൂഹം’ എന്ന ആത്മകഥയിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ മകൾ, ജയിൽ ഡിഐജി അജയകുമാർ എന്നിവർക്കെതിരെയാണ് ആരോപണങ്ങൾ. മജിസ്‌ട്രേട്ടിന് നൽകിയ മൊഴിയിൽ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പ്രിങ്ക്ളർ ഡാറ്റ ഇടപാടിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ കോടികൾ സമ്പാദിച്ചെന്നും ആ വിഷയത്തിൽ മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയും ശിവശങ്കറുമായി ഏറ്റുമുട്ടലുണ്ടായെന്നും സ്വപ്ന പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, അദ്ദേഹത്തിന്‍റെ കുടുംബം, മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ ചീഫ് സെക്രട്ടറി ആയിരുന്ന നളിനി നെറ്റോ, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മുൻ മന്ത്രി കെ.ടി ജലീൽ തുടങ്ങിയവരൊക്കെ പല തരത്തിലും വിധത്തിലും യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട ചരക്ക് കൈമാറ്റങ്ങളുടെ ഭാഗമായിരുന്നുവെന്നും സ്വപ്നാ സുരേഷ് ആത്മകഥയില്‍ പറയുന്നു.

സര്‍ക്കാരിനെ വെള്ളപൂശി തന്‍റെ ശബ്ദസന്ദേശം പുറത്തിറക്കിയത് എൽഡിഎഫിന് തുടർഭരണം ഉണ്ടാവാന്‍ വേണ്ടിയായിരുന്നുവെന്ന് സ്വപ്നാ സുരേഷ് പറയുന്നു. സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിനോ സർക്കാരിന്‍റെ പ്രതിനിധികൾക്കോ പങ്കില്ലെന്ന് പറയേണ്ടത് തന്‍റെ കൂടി ആവശ്യമാണെന്ന് ധരിപ്പിച്ചതിനെ തുടർന്നായിരുന്നു അങ്ങനെ ചെയ്യേണ്ടിവന്നത്. ഭരണം മാറിയാൽ കേസന്വേഷണത്തിന്‍റെ രീതി മാറുമെന്നും തന്നെ രക്ഷിക്കാൻ ആരുമുണ്ടാകില്ലെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. തങ്ങൾക്ക് രക്ഷപ്പെടാൻ ശിവശങ്കറിനെ പുറത്തുനിർത്തേണ്ടത് ആവശ്യമാണ് എന്ന ചിന്തയിലാണ് സന്ദീപിന്‍റെ ഫോണിൽ ശബ്ദം റിക്കോർഡ് ചെയ്തതെന്നും സ്വപ്ന പറയുന്നു. മുൻ മന്ത്രിയും കോൺസുലേറ്റിലെ സ്ഥിരം സന്ദർശകനുമായിരുന്ന നിയമസഭയിലെ പ്രമുഖ വ്യക്തി തന്നോട് ലൈംഗിക താൽപര്യത്തോടെ ഇടപെട്ട് വാട്സാപ്പിലൂടെ ചാറ്റ് ചെയ്ത് ഹോട്ടലിലേക്ക് ക്ഷണിച്ചെന്ന വെളിപ്പെടുത്തലുമുണ്ട്. എന്നാല്‍ താന്‍ ഇതിന് വഴങ്ങിയില്ലെന്നും ഇതുസംബന്ധിച്ച തെളിവുകള്‍ തന്‍റെ പക്കലുണ്ടെന്നും സ്വപ്ന വ്യക്തമാക്കുന്നു.