സില്‍വര്‍ലൈന്‍ പദ്ധതിക്കുവേണ്ടി വീടുകളില്‍ അതിക്രമിച്ചു കടന്നു നടത്തിക്കൊണ്ടിരുന്ന കല്ലിടല്‍ നിര്‍ത്തിവെച്ച് പകരം ജി.പി.എസ് സംവിധാനം ഉപയോഗിക്കാന്‍ റവന്യു വകുപ്പ് തീരുമാനിച്ച സാഹചര്യത്തി ല്‍ ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി കേരളീയ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍ ആവശ്യപ്പെട്ടു.
സാമൂഹികാഘാത പഠനത്തിനെന്നപേരില്‍ സര്‍വേ അതിര്‍ത്തി അടയാള നിയമപ്രകാരം കുറ്റിയടിച്ചേ മതിയാവൂ എന്ന് വാശിപിടിച്ച് സംസ്ഥാനത്തെമ്പാടും സംഘര്‍ഷം ഉണ്ടാക്കുകയും നൂറുക്കണക്കിനാളുകളുടെ പേരില്‍ കേസെടുക്കുകയും ചെയ്ത സര്‍ക്കാര്‍ ഇപ്പോള്‍ ജിപിഎസ് ഉപയോഗിച്ചുള്ള സര്‍വേ മതി എന്നു പറയുന്നത് അധികാരത്തിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവുമാണ്. കല്ലിടലിനെതിരെ പ്രതിഷേധിച്ചവരെ പോലീസിനെ ഉപയോഗിച്ച് റോഡിലൂടെ വലിച്ചിഴയ്ക്കുകയും ബൂട്ട്സ് ഇട്ട് ചവിട്ടുകയും മനുഷ്യത്വരഹിതമായി ആട്ടിയോടിക്കുകയും ചെയ്ത ശേഷം കല്ലിടാതെയും സര്‍വേ നടത്താമെന്ന് ഇപ്പോള്‍ പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സമരം ചെയ്യുന്നവരെ ബൂട്ട്സ് ഇട്ടു ചവിട്ടാതെ ഉമ്മ വെക്കണോ എന്നു ചോദിക്കാന്‍ പോലും ഭരണകൂട നേതാക്കള്‍ തയാറായി. കല്ലിടലിനെയും പോലീസ് അതിക്രമത്തെയും സര്‍ക്കാരും സര്‍ക്കാര്‍ വിലാസം നേതാക്കളും ന്യായീകരിച്ചതിനുശേഷം ഇപ്പോള്‍ കല്ലിടല്‍ ഉപേക്ഷിച്ചത് തൃക്കാക്കര ഉപതെരെഞ്ഞെടുപ്പില്‍ തോല്‍വി മണത്തറിഞ്ഞതുകൊണ്ടാണ്.
സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിക്കും പാരിസ്ഥിതിക അവസ്ഥയ്ക്കും അനുയോജ്യമല്ലാത്ത സില്‍വര്‍ ലൈന്‍ പദ്ധതിക്കു വേണ്ടി മുഖ്യമന്ത്രി വാശി പിടിക്കുന്നതിന്റെ ഉദ്ദേശം അഴിമതിയാണെന്നാണ് പൊതുസമൂഹം വിശ്വസിക്കുന്നത്. വിദഗ്ദരെ അണിനിരത്തി സര്‍ക്കാര്‍ നടത്തിയ സംവാദം പോലും സില്‍വര്‍ലൈനിനെതിരായ നിഗമനങ്ങളുമായാണ് സമാപിച്ചത്. ഈ പശ്ചാത്തലത്തില്‍ കല്ലിടല്‍ പരിപാടി മാത്രമല്ല സില്‍വര്‍ ലൈന്‍ പദ്ധതി തന്നെ ഉപേക്ഷിക്കാന്‍ സര്ക്കാ ര്‍ തയാറാകണമെന്നും ദേവരാജന്‍ ആവശ്യപ്പെട്ടു.