വണ്ടി ചെക്ക് കേസിൽ അറസ്റ്റിലായ എന്‍ഡിഎ നേതാവിന് വേണ്ടി മുഖ്യമന്ത്രിയുടെ ഇടപെടൽ

Jaihind News Bureau
Thursday, August 22, 2019

വണ്ടി ചെക്ക് കേസിൽ അറസ്റ്റിലായ തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഇടപെടൽ. യു.എ ഇയിൽ അറസ്റ്റിലായ തുഷാറിന് നിയമസഹായം ലഭ്യമാക്കണമെന്നഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്ത് അയച്ചു. തുഷാറിന്‍റെ അറസ്റ്റിൽ പ്രതികരിക്കാൻ ബി.ജെ.പി നേതൃത്വം പോലും തയ്യാറാകാത്ത ഘട്ടത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ എന്നതാണ് ശ്രദ്ധേയം.

യുഎഇയിൽ അറസ്റ്റിലായ തുഷാർ വെള്ളാപ്പള്ളിയുടെ ആരോഗ്യ നിലയിൽ ആശങ്കയുണ്ടെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി എസ്. ജയശങ്കറിന് അയച്ച കത്തിൽ പറയുന്നു. നിയമപരിധിയിൽ നിന്ന് സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെടുന്നുണ്ട് . വ്യക്തിപരമായ താത്പര്യവും ഇടപെടലും ഇക്കാര്യത്തിൽ നടത്തണമെന്നും മുഖ്യമന്ത്രി വിദേശകാര്യ മന്ത്രി മുന്നോട്ടുവയ്ക്കുന്നു.

വണ്ടിച്ചെക്ക് കേസിൽ തുഷാർ വെള്ളാപ്പള്ളി അറസ്റ്റിലായി മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതികരിക്കാൻ പോലും ബിജെപി നേതൃത്വം തയ്യാറാകാത്ത ഘട്ടത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ എന്നതാണ് ശ്രദ്ധേയം.

എൻഡിഎയുടെ പ്രധാന ഘടകകക്ഷിയായ ബിഡിജെഎസിന്‍റെ സംസ്ഥാന പ്രസിഡന്‍റാണ് തുഷാർ വെള്ളാപ്പള്ളി. എന്നിട്ടും തുഷാറിനെ പിന്തുണച്ച് ഒരു ബിജെപി നേതാവ് പോലും രംഗത്ത് എത്തിയില്ല. ഈ ഘട്ടത്തിലാണ് മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ തുഷാർ വെള്ളാപ്പള്ളിയ്ക്ക് വേണ്ടി കേന്ദ്രസർക്കാരിനോട് ഔദ്യോഗികമായിത്തന്നെ സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. തുഷാർ വെള്ളാപ്പള്ളിയെ കുടുക്കിയതാണെന്ന വെള്ളാപ്പള്ളി നടേശന്‍റെ പ്രതികരണം പുറത്ത് വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി കേന്ദ്ര വിദേശ കാര്യ മന്ത്രിയ്ക്ക് കത്ത് അയച്ചത്.