പ്രളയക്കെടുതി; കേന്ദ്രസംഘവുമായി മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും

Jaihind Webdesk
Monday, September 24, 2018

പ്രളയക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്ര സംഘവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൂടിക്കാഴ്ച നടത്തും. തുടർന്ന് സി.പി.എം പോളിറ്റ്ബ്യൂറോ യോഗത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി വൈകിട്ട് ഡൽഹിയിലേക്ക് തിരിക്കും. 25 ന് പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

പ്രളയത്തിലുണ്ടായ നാശനഷ്ട്ടം കണക്കാക്കിയ റിപ്പോർട്ട് നേരത്തെതന്നെ കേന്ദ്രത്തിന് കൈമാറിയിരുന്നു. ഏതാണ്ട് നാൽപതിനായിരം കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് ഏകദേശ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ സി.പി.എം പോളിറ്റ്ബ്യൂറോ യോഗത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹിക്ക് പോകുന്ന മുഖ്യമന്ത്രി 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

അടിയന്തരമായി കൂടുതൽ സഹായം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടും. കേന്ദ്ര സംഘവുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും പ്രധാനമന്ത്രിയെ ധരിപ്പിക്കും. എന്നാൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കുമോയെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.