ഉമ്മന്‍ ചാണ്ടി പുതുതലമുറയ്ക്ക് മാതൃകയെന്ന് മുഖ്യമന്ത്രി: ആദരവർപ്പിച്ച് നിയമസഭ; സമ്മേളനത്തിന് തുടക്കം

Jaihind Webdesk
Monday, August 7, 2023

Kerala-Niyama-sabha

 

തിരുവനന്തപുരം: 53 വർഷം കേരള നിയമസഭയുടെ നിറസാന്നിധ്യമായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചും ആദരിച്ചും നിയമസഭാ സമ്മേളനം ഇന്നത്തേക്ക് പിരിഞ്ഞു. ഉമ്മൻ ചാണ്ടിക്കൊപ്പം മുതിർന്ന നേതാവും മുൻ സ്പീക്കറുമായ വക്കം പുരുഷോത്തമന്‍റെ സ്മരണകൾക്ക് മുന്നിലും നിയമസഭ ആദരവർപ്പിച്ചു. ലോക പാർലമെന്‍ററി ചരിത്രത്തിലെ അത്യപൂർവ സാമാജിക സ്ഥാനമാണ് ഉമ്മൻ ചാണ്ടിക്കുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു ആൾക്കൂട്ടത്തിൽ ലയിച്ചുചേർന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും വക്കം പുരുഷോത്തമനും ആദരവ് അർപ്പിച്ച് സ്പീക്കർ നടത്തിയ ചരമോപചാര പ്രസംഗത്തോടെയാണ് 15-ാം കേരളനിയമസഭയുടെ ഒമ്പതാം സമ്മേളനം ആരംഭിച്ചത്. ആൾക്കൂട്ടത്തെ ഊർജമാക്കി ആറുപതിറ്റാണ്ട് കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്ന് സ്പീക്കർ എ.എൻ ഷംസീർ അനുസ്മരിച്ചു. ലോക പാർലമെന്‍ററി ചരിത്രത്തിലെ അത്യപൂർവ സമാജിക സ്ഥാനമാണ് ഉമ്മൻ ചാണ്ടിക്കുള്ളതെന്ന് തുടർന്നു സംസാരിച്ച മുഖ്യമന്ത്രി അനുസ്മരിച്ചു. ഉമ്മന്‍ ചാണ്ടി പുതുതലമുറയ്ക്ക് മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാധാരണക്കാരുടെ പ്രശ്നങ്ങളെ ബാധിക്കുന്ന നിയമ സങ്കീർണതകൾ മറികടക്കുവാൻ ആർജവം കാട്ടിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് അനുസ്മരിച്ചു. എല്ലാ ജനപ്രതിനിധികൾക്കും മാതൃകയായിരുന്നു അദ്ദേഹമെന്ന്
വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. സിപിഐ നിയമസഭാ കക്ഷി നേതാവ് ഈ ചന്ദ്രശേഖരൻ, പി.കെ കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ്, അനൂപ് ജേക്കബ്, മാത്യു ടി തോമസ്, കെ.കെ രമ തുടങ്ങി വിവിധ കക്ഷി നേതാക്കൾ ഉമ്മൻ ചാണ്ടിക്കും വക്കം പുരുഷോത്തമനും ആദരവർപ്പിച്ചു. തന്‍റെ പിതാവിന് കേരള നിയമസഭ ആദരവർപ്പിക്കുന്നതിന് സാക്ഷ്യം വഹിക്കുവാൻ ചാണ്ടി ഉമ്മനും നിയമസഭാ ഗ്യാലറിയിൽ എത്തിയിരുന്നു.