പിണറായി തിരിച്ചെത്തി: ശശിക്കെതിരായ പീഡനാരോപണത്തിൽ തീരുമാനം ഉടൻ

പി.കെ ശശിക്കെതിരായ പീഡനാരോപണത്തിൽ സി.പി.എമ്മിന്‍റെ അച്ചടക്കനടപടികൾ ഏത് രൂപത്തിൽ വേണമെന്ന തീരുമാനം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന. അമേരിക്കയിൽ നിന്ന് ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്തെത്തിയതോടെ ശശിക്കെതിരായ പീഡനാരോപണം പാർട്ടിയില വീണ്ടും ചൂടേറിയ ചർച്ചകൾക്ക് വഴിവെയ്ക്കും. വി.എസ് – പിണറായി പക്ഷങ്ങളുടെ വിഭാഗീയത പാർട്ടിയിൽ പോർമുഖം തുറന്ന കാലത്തും പിണറായി വിഭാഗത്തോടൊപ്പം ഉറച്ച് നിന്ന നേതാവായിരുന്നു ശശി. ഡി.വൈ.എഫ്.ഐ വനിതാനേതാവിന്‍റെ പരാതിയെ തുടർന്ന് ശശിക്കെതിരെപാർട്ടി അന്വേഷണക്കമ്മീഷന് രൂപം നൽകിയിരുന്നു. കേന്ദ്രക്കമ്മറ്റിയംഗവും മന്ത്രിയുമായ എ.കെ ബാലൻ പി.കെ ശ്രീമതി എം.പി എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ.

കഴിഞ്ഞ ദിവസം നടന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം പരിഗണനയ്‌ക്കെടുത്തിരുന്നില്ല. ആരോപണം അന്വേഷിക്കാൻ നിയമിച്ച കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിഷം കഴിഞ്ഞ തവണ ചർച്ച ചെയ്യാതിരുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാൽ പിണറായി മടങ്ങിയെത്തിയ ശേഷം അച്ചടക്കനടപടിക്ക് അന്തിമരൂപം നൽകാമെന്ന സി.പി.എം സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനമാണ് വിഷയം സെക്രട്ടേറലിയറ്റ് ചർച്ച ചെയ്യാതിരുന്നത്. സമാനമായ ലൈംഗിക പീഡന വിഷയത്തിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തതോടെ ശശിക്കെതിരെ സി.പി.എം എന്തു നടപടിയാണ് നവീകരിക്കുകയെന്നത് പൊതുസമൂഹം ഉറ്റു നോക്കുകയാണ്.

പീഡന പരാതിയിൽ ഡി.വൈ.എഫ്.ഐ വനിതാനേതാവ് ഉറച്ച് നിന്നതോടെ ശശിക്കെതിരെ കടുത്ത നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

നിയമസഭാംഗമായതിനാൽ സി.പി.എമ്മിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കാനുള്ള സാധ്യത കുറവാണെങ്കിലും ജില്ലാ സെക്രട്ടേറിയറ്റംഗമായ ശശിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയേക്കാനാണ് സാധ്യത കൂടുതൽ. പാർട്ടിയുടെ പ്രാഥമികാംഗ്വത്വത്തിൽ നിന്നും പുറത്താക്കിയാൽ ശശി എം.എൽ.എ സ്ഥാനം രാജിവയ്ക്കാൻ നിർബന്ധിതനാവും. ഇതോടെ ഷൊർണ്ണൂരിൽ വീണ്ടും പൊതുതെരെഞ്ഞെടുപ്പിനുള്ള അരങ്ങുണരുകയും ചെയ്യും. പ്രളയക്കെടുതികളിൽ സർക്കാരിന്‍റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റ് നിൽക്കുന്നതിനാൽ ഉടനെ ഒരു പൊതുതെരഞ്ഞെടുപ്പ് ഗുണകരമാവില്ലെന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളത്. എന്നാൽ ലോക്‌സഭാ തെരെഞ്ഞെടുപ്പിനൊപ്പം നടക്കുന്ന ഉപതെരെഞ്ഞെടുപ്പ് പാർട്ടിക്ക് ഗുണമാവുമെന്ന വികാരമാണ് പാലക്കാട് ജില്ലയിലെ ശശി വിരുദ്ധരായ നേതാക്കൾക്കുള്ളത്.

ശശി നിയമസഭാംഗമായതിനാൽ അച്ചടക്കനടപടി സംബന്ധിച്ചുള്ള അവസാനവാക്ക് പിണറായി വിജയന്റേതായിരിക്കും. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ വിഷയം ചർച്ചയ്‌ക്കെടുത്താലും പിണറായി തീരുമാനിക്കുന്ന രീതിയിലാവും ചർച്ച പുരോഗമിക്കുക. അച്ചടക്കനടപടി ലഘൂകരിച്ചാൽ ശശിക്കെതിരെ തീർച്ചായായും നടപടിയുണ്ടാവുമെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയ വി.എസ് കടുത്ത നിലപാട് സ്വീകരിച്ചാൽ പാർട്ടിക്ക് കൂടുതൽ ദോഷമാവുമെന്നും സി.പി.എം നേതൃത്വം വിലയിരുത്തിയിട്ടുണ്ട്.

പാലക്കാട് ജില്ലയിലെ സി.പി.എമ്മിന്‍റെ അവസാന വാക്കായ എ.കെ ബാലൻ അന്വേഷക്കമ്മീഷനിൽ ഉൾപ്പെട്ട സ്ഥിതിക്ക് ശശിക്ക് ഇപ്പോഴും നേരിയ പ്രതീക്ഷ നിലനിൽക്കുന്നുണ്ട്. അടുത്ത വെള്ളിയാഴ്ച്ച നടക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിനു മുമ്പ് അന്വേഷണക്കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കും. ഇത് ചർച്ച ചെയ്യുന്ന സെക്രട്ടേറിയറ്റ് യോഗം ശശിക്കെതിരായ നടപടിക്ക് ശുപാർശ ചെയ്യാനാണ് നിലവിലെ സാധ്യത.

pk sasi
Comments (0)
Add Comment