കൊച്ചി: സാമൂഹിക ആഘാത പഠനവും സ്ഥലം ഏറ്റെടുപ്പും തമ്മിൽ ബന്ധമില്ലെന്ന് പറയുന്നത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്ഥലമേറ്റെടുക്കൽ നടപടികളുടെ തുടക്കമാണ് സാമൂഹിക ആഘാത പഠനം. അത് വിജ്ഞാപനത്തിൽ പറയുന്നുണ്ട്. എന്ത് വില കൊടുത്തും സിൽവർ ലൈൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറയുമ്പോൾ സാമൂഹിക ആഘാത പഠനം നടത്തുന്നത് പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
നിയമത്തെ മറികടന്ന് സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണ്. ശ്രീലങ്കയ്ക്ക് സമാനമായ അപകടകരമായ സാമ്പത്തിക സ്ഥിതിയിലേക്ക് സിൽവർ ലൈൻ കേരളത്തെ എത്തിക്കും. പാരിസ്ഥിതിക പ്രശ്നങ്ങൾക്കെതിരെ കർശന നിലപാടെടുക്കേണ്ട ഡിവൈഎഫ്ഐയെ പോലെയുള്ള യുവജന സംഘടനകൾ കൊട്ടാരം വിദൂഷകരുടെ റോളിലാണ്. അവർക്ക് സ്വന്തമായി ശബ്ദമില്ലെന്നും അടിമപ്പണിയാണ് അവർ ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.