‘ഉത്തരവാദിത്വത്തില്‍ നിന്ന് പിണറായിക്ക് ഒഴിയാനാവില്ല, കര്‍ഷകരെ മറയാക്കി രക്ഷപ്പെടാന്‍ ശ്രമം’ : റോജി അഗസ്റ്റിനൊപ്പം മുഖ്യമന്ത്രി നില്‍ക്കുന്ന ചിത്രം പുറത്തുവിട്ട് പി.ടി തോമസ്

Jaihind Webdesk
Saturday, June 12, 2021

കൊച്ചി : വയനാട്ടിലെ വനംകൊള്ളയിൽ കർഷകരെ മറയാക്കി രക്ഷപ്പെടാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്ന് പി.ടി തോമസ് എം.എല്‍.എ. മുഖ്യമന്ത്രിയുടെ അറിവോടും പങ്കാളിത്തത്തോടെയുമാണ് ഇക്കാര്യങ്ങൾ നടന്നതെന്നും ഉത്തരവാദിത്വത്തിൽ നിന്ന് പിണറായിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി നിരീക്ഷണത്തില്‍ കേസ് അന്വേഷിക്കണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കൊപ്പം പ്രതി റോജി അഗസ്റ്റിൻ നിൽക്കുന്ന ചിത്രവും പിടി തോമസ് വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു.

ഈട്ടിമരങ്ങൾ വെട്ടിക്കൊണ്ടുപോകാനുള്ള ഒരവതാരമാണ് പിണറായി വിജയന്‍റെ സർക്കാരെന്ന് പി.ടി തോമസ് കുറ്റപ്പെടുത്തി. ഉത്തരവിറക്കിയത് കർഷകരെ സഹായിക്കാനാണെങ്കിൽ മൂന്നു മാസം കഴിഞ്ഞപ്പോൾ ഇത് പിൻവലിച്ചത് എന്തിനെന്ന് അദ്ദേഹം ചോദിച്ചു. വെട്ടാനുള്ള മരം വെട്ടിക്കഴിഞ്ഞു. പാവപ്പെട്ട ആദിവാസികളെ മറയാക്കി രക്ഷപ്പെടാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം പ്രതി റോജി അഗസ്റ്റിൻ നിൽക്കുന്ന ചിത്രം പിടി തോമസ് പുറത്തുവിട്ടു. തട്ടിപ്പുകാർക്ക് മുഖ്യമന്ത്രി കൈകൊടുത്തതല്ല വിഷയം. ഇക്കാര്യം മറച്ചുവെച്ച് മുഖ്യമന്ത്രി നടത്തിയ കടന്നാക്രമണമാണ്. ഇതിൽ പങ്കുള്ള മാധ്യമ സ്ഥാപനങ്ങൾക്കെതിരെ സഭയിലും പുറത്തുമായി ആരോപണം ഉന്നയിച്ചിരുന്നു. ഇന്നുവരെ അവരത് നിഷേധിച്ചിട്ടില്ല. അങ്ങനെ ചെയ്താല്‍ തെളിവുകൾ പുറത്തുവിടുമെന്നും പി.ടി തോമസ് എം.എല്‍.എ പറഞ്ഞു.

കേസില് ഹൈക്കോടതി നിരീക്ഷണത്തിലുള്ള അന്വേഷണം വേണമെന്ന് പി.ടി തോമസ് ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഹൈക്കോടതി കേസ് പരിഗണിക്കുമ്പോൾ സർക്കാർ ഇക്കാര്യം ആവശ്യപ്പെടണം.
ഹൈക്കോടതിയിൽ അഡ്വക്കേറ്റ് ജനറൽ ഇക്കാര്യം ആവശ്യപ്പെട്ടാൽ അതിനെ സ്വാഗതം ചെയ്യുമെന്നും എറണാകുളം പ്രസ്ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.