കൊച്ചി: സംസ്ഥാന സർക്കാരും ഗവർണറും നടത്തിയിരുന്നത് ഒത്തുതീർപ്പുകളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാർ പ്രതിരോധത്തിൽ നിൽക്കുന്ന ഘട്ടത്തിൽ ഗവർണർ-സർക്കാർ സംഘർഷം പൊട്ടിപ്പുറപ്പെടും. മാധ്യമങ്ങൾ അതിന് പിന്നാലെ പോകുമ്പോൾ യഥാർത്ഥ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോയി. സംസ്ഥാനത്തെ സിപിഎമ്മും സംഘപരിവാറും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന്‍റെ ഒത്തുതീർപ്പുകളാണ് ഗവർണറും സർക്കാരും നടത്തിയിരുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഉന്നയിക്കാൻ വിഷയങ്ങൾ നിരവധിയാണ്. ബജറ്റ് എന്നത് പ്രസംഗത്തിൽ മാത്രമാണെന്നും അത് നടപ്പാക്കാനുള്ള പണം സർക്കാരിന്‍റെ കൈവശമില്ലന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പണമില്ലാത്തതിനാൽ കിഫ്‌ബി ഉൾപ്പെടെ നിർത്തിവെച്ചിരിക്കുകയാണ്. വികസന പ്രവർത്തനങ്ങളും സാമൂഹ്യ സുരക്ഷ ഉൾപ്പെടെ എല്ലാം പ്രതിസന്ധിയിലാണന്നും വി.ഡി സതീശൻ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.