സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘർഷം ചിത്രീകരിച്ചു: മാധ്യമങ്ങള്‍ക്ക് നോട്ടീസ്; 15 ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ പാസ് റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

Jaihind Webdesk
Thursday, April 13, 2023

Kerala-Assembly-1

 

തിരുവനന്തപുരം: നിയമസഭയിൽ സ്പീക്കറുടെ ഓഫീസിനു മുന്നിലെ സംഘർഷവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കെതിരെയും നോട്ടീസ്. സ്പീക്കറുടെ ഓഫീസിനു മുന്നിലെ സംഘർഷങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു എന്നാരോപിച്ചാണ് നോട്ടീസ്. 15 ദിവസത്തിനകം മറുപടി നൽകിയെങ്കിൽ നിയമസഭാ റിപ്പോർട്ടിനുള്ള പാസ് റദ്ദാക്കുമെന്ന മുന്നറിയിപ്പുമായിട്ടാണ് നിയമസഭാ സെക്രട്ടേറിയറ്റ് നോട്ടീസ് നൽകിയിരിക്കുന്നത്.

നേരത്തെ ആറ് പ്രതിപക്ഷ എംഎൽഎമാരുടെ പിഎമാർക്ക് സമാനമായ രീതിയിൽ നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഇവിടുത്തെ സംഘർഷം ചിത്രീകരിച്ച മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും ഭരണകക്ഷി എംഎൽഎമാരുടെ പിഎമാർക്കും നോട്ടീസ് അയച്ചിട്ടില്ല. എന്നാൽ സ്പീക്കറുടെ ഓഫീസിനു മുന്നിൽ വാച്ച് ആന്‍ഡ് വാർഡും ഭരണകക്ഷി എംഎൽഎമാരും ചേർന്ന് തന്നെ മർദ്ദിച്ചതായും ഇതിനുശേഷം സച്ചിൻ ദേവ് എംഎൽഎ സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചതായും ചൂണ്ടിക്കാട്ടി കെ.കെ രമ എംഎൽഎ നിയമസഭാ സ്പീക്കർക്ക് പരാതി നൽകിയെങ്കിലും ഇതിൽ യാതൊരു നടപടിയും ഇനിയും കൈകൊണ്ടിട്ടില്ല. ഇതിനിടയിലാണ് മാധ്യമങ്ങൾക്കും പ്രതിപക്ഷ എംഎൽഎമാരുടെ പിഎമാർക്കും നിയമസഭാ സെക്രട്ടേറിയറ്റ് നോട്ടീസ് അയച്ചിരിക്കുന്നത്.