ചര്‍ച്ച് ബില്‍ പൂര്‍ണ്ണമായും പിന്‍വലിക്കണം: രമേശ് ചെന്നിത്തല

Jaihind Webdesk
Thursday, March 7, 2019

RameshChennithala

തിരുവനന്തപുരം: ക്രിസ്ത്യന്‍ സഭകളുടെയും, സ്ഥാപനങ്ങളുടെയും അധികാരങ്ങള്‍ കവര്‍ന്നെടുക്കാന്‍ ലക്ഷ്യം വച്ചുള്ള ചര്‍ച്ച് ബില്‍ പൂര്‍ണ്ണമായും പിന്‍വലിക്കുകയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ക്രൈസ്തവ മത മേലധ്യക്ഷന്‍മാരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചക്ക് ശേഷം ബില്‍ മാറ്റി വയ്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ജനരോഷത്തെ ഭയന്നാണ് സര്‍ക്കാര്‍ ഈ നിലപാട് കൈക്കൊണ്ടത്. സര്‍ക്കാര്‍ ബില്‍ മാറ്റി വയ്കുകയല്ല പിന്‍വലിക്കുകയാണ് വേണ്ടത്.

കഴിഞ്ഞ അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് 2009 ല്‍ കൊണ്ടുവന്ന കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിസ്റ്റ്യുഷന്‍ ചര്‍ച്ച് ബില്‍ ജനരോഷം ഭയന്ന് മാറ്റിവയ്കുകയായിരുന്നു. പിന്നീട് 2017 ല്‍ സംസ്ഥാന ന്യുന പക്ഷ കമ്മീഷന്‍ പഴയ ബില്‍ പൊടി തട്ടിയെടുത്ത് അഭിപ്രായം പറയണമെന്നാവശ്യപ്പെട്ട് ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ക്ക് അഭിപ്രായം പറയാന്‍ അയച്ച് കൊടുക്കുകയായിരുന്നു. എന്നാല്‍ അപ്പോഴും കടുത്ത എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുകയായിരുന്നു. ഭരണഘടനാ പരമായി നിലനില്‍ക്കില്ലന്ന് കണ്ട് രണ്ട് തവണ മാറ്റി വച്ച ബില്ലാണ് വീണ്ടും കേരള സര്‍ക്കാര്‍ കൊണ്ടുവന്നരിക്കുന്നത്.

ന്യുനപക്ഷങ്ങള്‍ എന്ന നിലയില്‍ ക്രൈസ്തവര്‍ക്ക് ഭരണഘടന അനുവദിച്ചിട്ടുള്ള അവകാശങ്ങളിലേക്കുള്ള കയ്യേറ്റമാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇത് അനുവദിക്കുക എന്നാല്‍ ന്യുന പക്ഷ അവകാശങ്ങളെ കയ്യൊഴിയുക എന്നാണര്‍ത്ഥം. ന്യുന പക്ഷങ്ങളുടെ അവകാശങ്ങള്‍ കവരാനുള്ള സി പി എം നീക്കം എല്ലാ വിശ്വാസികളും തിരിച്ചറിയുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ക്രൈസ്തവ സ്ഥാപനങ്ങളുടെയും, പള്ളികളുടെയും കണക്കുകള്‍ വളരെ ചിട്ടയോടും സുതാര്യമായും ഓഡിറ്റിംഗിന് വിധേയമാക്കിയാണ് മുന്നോട്ട് പോകുന്നത്.

മാത്രമല്ല ക്രൈസ്തവ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്‍ സിവില്‍ കോടതിയുടെ അധികാര പരിധിയില്‍ വരുന്നതാണ്. എന്നിരിക്കെ ന്യുനപക്ഷങ്ങളുടെ അവകാശം കവരുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബില്ലെന്ന് വ്യക്തമാവുകയാണ്. തന്റെ നിയമ ഉപദേഷ്ടാവായ ഡോ. എന്‍കെ ജയകുമാര്‍ നിയമപരിഷ്‌കരണ കമ്മീഷനില്‍ അംഗമായിരിക്കെ ബില്ലിലെ നിര്‍ദേശങ്ങള്‍ തനിക്കറിയില്ലന്ന മുഖ്യമന്ത്രിയുടെ നിലപാട് വിശ്വസനീയമല്ലന്നും രമേശ് ചെന്നിത്തല പറഞ്ഞു.