മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ ‘ചൗക്കീദാര്‍ ചോര്‍ ഹെ'(കാവല്‍ക്കാരന്‍ കള്ളനാണ്) പരാമര്‍ശം ആവര്‍ത്തിച്ചാണ് താക്കറെ മോദിയെ കടന്നാക്രമിച്ചത്. സോലാപൂരിലെ റാലി അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു താക്കറെയുടെ പരാമര്‍ശം.
റഫേല്‍ ഇടപാടില്‍ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. സുപ്രീംകോടതി വിഷയത്തില്‍ ക്ലീന്‍ ചിറ്റ് നല്‍കിയത് എങ്ങനെയാണെന്ന് അറിയില്ല. എന്നാല്‍ ജവാന്‍മാര്‍ക്കു ശമ്പളവര്‍ധന നല്‍കാന്‍ മോദി സര്‍ക്കാര്‍ തയാറായില്ലെന്ന് അറിയാം താക്കറെ പറഞ്ഞു. രാജ്യത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങളും വിശദീകരിച്ചായിരുന്നു താക്കറെ മോദിക്ക് മുന്നറിയിപ്പ് നല്‍കിയത്.
റഫേല്‍ ഇടപാടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് കാവല്‍ക്കാരന്‍ കള്ളനാണെന്ന പ്രയോഗം മോദിക്കെതിരേ ആദ്യമായി ഉപയോഗിച്ചത്. പിന്നീട് ഓരോ വേദിയിലും രാഹുല്‍ഗാന്ധി ഇത് ആവര്‍ത്തിക്കുകയായിരുന്നു. 2014 ല്‍ പൊതുതിരഞ്ഞെടുപ്പ് സമയത്ത് നരേന്ദ്രമോദി ‘ചൗക്കീദാര്‍’ എന്ന പ്രയോഗം ഉപയോഗിച്ചിരുന്നു. അധികാരത്തില്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ജനങ്ങളുടെ പണത്തിനും വിശ്വാസത്തിനും ചൗക്കീദാര്‍ (കാവല്‍ക്കാരന്‍) ആയി പ്രവര്‍ത്തിക്കുമെന്നായിരുന്നു മോഡിയുടെ വാഗ്ദാനം.
കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ബിജെപിയുടെ സഖ്യകക്ഷിയാണ് ശിവസേന. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പുകളില്‍ ബിജെപി പരാജയപ്പെട്ടപ്പോള്‍ ജനങ്ങളെ അഭിനന്ദിച്ച് ശിവസേന രംഗത്തെത്തിയിരുന്നു. ധീരമായ തീരുമാനമാണ് ജനങ്ങളുടേതെന്നായിരുന്നു ശിവസേനയുടെ പ്രതികരണം. അയോധ്യയിലെ രാമക്ഷേത്ര വിഷയവുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മില്‍ ഭിന്നതകളുണ്ട്.