ചൈനയുമായുള്ള ബന്ധത്തില്‍ ബി.ജെ.പി ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ എ.കെ ആന്‍റണി. ഏറ്റവും കൂടുതല്‍ തവണ ചൈനയിലേക്ക് ക്ഷണം ലഭിച്ച ഇന്ത്യന്‍ മുഖ്യമന്ത്രി ഇപ്പോഴത്തെ പ്രധാനമന്ത്രി കൂടിയായ നരേന്ദ്ര മോദിയാണെന്ന കാര്യം ആരും വിസ്മരിക്കരുതെന്ന് ആന്‍റണി പറഞ്ഞു. 19 ഓളം തവണ ചൈനീസ് പ്രസിഡന്‍റിനെ മോദി സന്ദർശിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പി
ഇന്ത്യന്‍ പ്രദേശത്ത് ചൈന കടന്നുകയറിയിട്ടില്ല എന്ന പ്രധാനമന്ത്രിയുടെ വാദം തനിക്കും രാജ്യത്തിനും ഒരുപോലെ ഞെട്ടല്‍ ഉണ്ടാക്കി. ചൈനീസ് സൈന്യം ഇപ്പോഴും ഗല്‍വാനില്‍ ഉണ്ടെന്ന് ആന്‍റണി പറഞ്ഞു. അതിർത്തിയിലെ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ സർക്കാരിന് ബാധ്യതയുണ്ട്. പ്രധാനമന്ത്രി നിശബ്ദത വെടിഞ്ഞ് വ്യക്തമായ പ്രസ്താവന നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗല്‍വാന്‍ ഒരിക്കലും തര്‍ക്കവിഷയമായിരുന്നില്ലെന്ന് എ.കെ ആന്‍റണി പറഞ്ഞു. ചൈനയുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള ചതി പ്രതീക്ഷിച്ചിരുന്നില്ലെന്നും സംഘര്‍ഷത്തിന്‍റെ അവസാനത്തില്‍ സ്ഥിതിഗതികള്‍ പുനഃസ്ഥാപിക്കാന്‍ സര്‍ക്കാരിനു കഴിയുമോ എന്ന് രാജ്യം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യു.പി.എ സർക്കാരിന്‍റെ കാലത്ത് ചൈനയുടെ കടന്നുകയറ്റ ശ്രമങ്ങളെ കൃത്യമായി പ്രതിരോധിച്ചിരുന്നു. അക്കാലത്ത് അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയിരുന്നു. രണ്ടാം യു.പി.എ സർക്കാരിന്‍റെ കാലത്ത് ഞങ്ങൾ ഗാൽവാൻ വാലിയിലേക്കുള്ള റോഡ് നിർമ്മിക്കാൻ തുടങ്ങി. അക്കാലത്ത് ചൈനീസ് ഭാഗത്തുനിന്ന് എതിർപ്പുകളൊന്നും ഉണ്ടായിരുന്നില്ല. 1962 മുതൽ തന്നെ ഇന്ത്യ-ചൈന അതിർത്തിയില്‍ കടന്നുകയറ്റ ശ്രമങ്ങള്‍ നടന്നിരുന്നു. അതിർത്തിയിലെ അടിസ്ഥാന സൌകര്യങ്ങൾ ഏറ്റവും കൂടുതൽ ശക്തിപ്പെടുത്തിയത് യു.പി.എ ഒന്ന്, രണ്ട് സർക്കാരുകളുടെ കാലത്താണ്. പ്രതിരോധത്തിനായി പരമാവധി തുക ചെലവഴിച്ചു. 2006 മുതൽ പ്രതിരോധ ചെലവ് ഇരട്ടിയാക്കി. കൂടുതൽ റോഡുകൾ, പാലങ്ങൾ തുടങ്ങിയവ നിർമിച്ചു, നൂറുകണക്കിന് സുഖോയ് വിമാനങ്ങൾ വാങ്ങി, തേജ്പൂരിലും രംഗാപഹറിലും രണ്ട് പർവത ഡിവിഷനുകൾ കൂടി രൂപീകരിച്ചു. മാത്രമല്ല, അതിർത്തിയിലുണ്ടാകുന്ന ഏതൊരു നീക്കത്തെയും കൃത്യമായി പ്രതിരോധിക്കുകയും സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.
ഇനി ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണെന്നും സായുധ സേനയെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. 1962 ലെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്നും ഏതുതരത്തിലുള്ള വെല്ലുവിളികള്‍ നേരിടാനും സായുധ സൈന്യം സജ്ജമാണെന്നും എ.കെ ആന്‍റണി പറഞ്ഞു. ഇപ്പോൾ പോലും സൈനിക തലത്തിലുള്ള ചർച്ചകൾ ഗാൽവാൻ വാലിയിൽ മാത്രമാണ് നടക്കുന്നത്. പാംഗോംഗ് സോയെക്കുറിച്ച് അവർ ഒന്നും പറയുന്നില്ല. സ്ഥിതി പുനഃസ്ഥാപിക്കാൻ സർക്കാർ എല്ലാം ചെയ്യുമെന്ന വ്യക്തമായ പരസ്യ പ്രസ്താവന ഇറക്കേണ്ടത് പ്രധാനമന്ത്രിയുടെ കടമയാണ്. അദ്ദേഹം അത് പരസ്യമായും വ്യക്തമായും പറയേണ്ടതുണ്ടെന്നും എ.കെ ആന്‍റണി കൂട്ടിച്ചേർത്തു.