കൊച്ചി: മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ കുഞ്ഞിന് മരുന്ന് വാങ്ങാന്‍ പോലും അനുവദിക്കാതെ പോലീസ്. കാലടി മറ്റൂരിൽ കുഞ്ഞിന് മരുന്നുവാങ്ങാൻ എത്തിയ കുടുംബത്തിനെ പോലീസ് ഭീഷണിപ്പെടുത്തിയതായി പരാതി. കടുത്ത പനിയെ തുടർന്ന് കുഞ്ഞിന് മരുന്ന് വാങ്ങാനായി കാറൊതുക്കിയപ്പോഴായാരിന്നു പോലീസ് തട്ടിക്കയറിയത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനാല്‍ കാർ പാർക്ക് ചെയ്യാന്‍ പോലീസ് അനുവദിച്ചില്ല. ഇത് ചോദ്യം ചെയ്ത മെഡിക്കൽഷോപ്പ് ഉടമയോട് കട അടപ്പിക്കുമെന്നും പോലീസ് ഭീഷണിപ്പെടുത്തി. സംഭവത്തില്‍ കുടുംബം പരാതി നല്‍കി.
കുട്ടിയുടെ അമ്മയെ വിമാനത്താവളത്തില്‍ എത്തിച്ച ശേഷം മടങ്ങുംവഴി കുഞ്ഞിന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മരുന്നു വാങ്ങാനായി വഴിയരികിലെ മെഡിക്കല്‍ ഷോപ്പിന് മുന്നില്‍ കാര്‍ നിര്‍ത്തുകയായിരുന്നു. വണ്ടി മാറ്റാന്‍ ആവശ്യപ്പെട്ട എസ്‌ഐ ഇവരോട് തട്ടിക്കയറുകയായിരുന്നു. കാര്യം പറഞ്ഞിട്ടും എസ്ഐ ദേഷ്യപ്പെട്ടതോടെ കാർ മാറ്റിയിട്ട ശേഷം കുഞ്ഞുമായി മെഡിക്കല്‍ ഷോപ്പിലെത്തി മരുന്ന് വാങ്ങി. കുഞ്ഞിന് പനിയാണെന്ന് പറഞ്ഞപ്പോള്‍ ‘നീ കൂടുതൽ ജാഡയൊന്നും എടുക്കേണ്ട’ എന്നായിരുന്നു എസ്‌ഐയുടെ മറുപടി. മരുന്ന് വാങ്ങി പുറത്തേക്കിറങ്ങുമ്പോഴും എസ്ഐ ശകാരം തുടർന്നു. ഇത് ചോദ്യം ചെയ്ത കടയുടമയെയും എസ്ഐ ഭീഷണിപ്പെടുത്തി. ‘നിന്‍റെ കട അടപ്പിക്കും’ എന്നായിരുന്നു മെഡിക്കല്‍ ഷോപ്പുടമയോട് എസ്ഐയുടെ ഭീഷണി. സംഭവത്തില്‍ പോലീസിലെ ഉന്നതഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയെന്ന് കുടുംബം അറിയിച്ചു.
വീഡിയോ കാണാം:
https://www.facebook.com/JaihindNewsChannel/videos/1516467622181489