മാസപ്പടി വിവാദത്തില്‍ അഞ്ച് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്; മുഖ്യമന്ത്രി മറുപടി പറയണം

Jaihind Webdesk
Tuesday, February 20, 2024

 

കൊച്ചി: മാസപ്പടി വിവാദത്തില്‍ അഞ്ച് ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എക്‌സാലോജിക്കിന് എതിരെ 2021-ല്‍ ആരംഭിച്ച ഇഡി അന്വേഷണം മറച്ചുവച്ചത് എന്തിനെന്നും  അന്വേഷണം തടസപ്പെട്ടത് സിപിഎം- ബിജെപി ധാരണ പ്രകാരമല്ലേ എന്നതടക്കമുള്ള അഞ്ച് ചോദ്യങ്ങളാണ്  പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. കെപിസിസിയുടെ സമരാഗ്നിയുടെ ഭാഗമായി എറണാകുളത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങള്‍ ചോദിച്ചത്.

 

1. മകള്‍ വീണാ വിജയന്‍റെ കമ്പനിയെ സംബന്ധിച്ച് ഏജന്‍സികള്‍ വിവരങ്ങള്‍ തേടിയിരുന്നെന്ന് മുഖ്യമന്ത്രി നിയമസഭ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ അന്വേഷണത്തിന്‍റെ വിശദാംശങ്ങള്‍ പുറത്തു വിടാമോയെന്ന് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി മൗനം പാലിച്ചു. കര്‍ണാടക ഹൈക്കോടതി വിധിയില്‍ സിഎംആര്‍.എല്ലും വീണാ വിജയനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് 2021 ജനുവരി 29 ന് ഇഡി നല്‍കിയ വിവരത്തെ തുടര്‍ന്നാണ് ആര്‍ഒസി നോട്ടീസ് അയച്ചതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരെഞ്ഞടുപ്പിനു മുമ്പ്, 2021 ല്‍ ഇഡി അന്വേഷണം ആരംഭിച്ചിരുന്നു. എന്നിട്ടും എങ്ങനെയാണ് മൂന്നു വര്‍ഷം ഇഡി അന്വേഷണം മൂടിവെച്ചത്? സിപിഎം- ബിജെപി ധാരണ പ്രകാരമല്ലേ എക്‌സാലോജിക്കിന് എതിരായ ഇഡി അന്വേഷണം തടസപ്പെട്ടത്? ഇടനിലക്കാരായി പ്രവര്‍ത്തിച്ച ബിജെപി നേതാക്കള്‍ക്കും ഈ ചോദ്യത്തിന് ഉത്തരം നല്‍കാവുന്നതാണ്.

2. ഇന്‍കം ടാക്സ് ഇന്‍റരിം സെറ്റില്‍മെന്‍റ് ബോര്‍ഡിന്‍റെ ഉത്തരവ് വന്നപ്പോള്‍ മകളുടെ വാദം കേള്‍ക്കാന്‍ തയാറായില്ലെന്ന പച്ചക്കള്ളമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. അതു തെറ്റാണെന്ന് ആര്‍ഒസി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വ്യക്തമായി. മാസപ്പടി വിഷയത്തില്‍ ഏതൊക്കെ ഏജന്‍സികളാണ് അന്വേഷണം നടത്തുന്നതെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയാറുണ്ടോ?

3. സിഎംആര്‍എല്ലിന് പുറമെ വീണയുടെയും എക്സാലോജിക്കിന്‍റെയും അക്കൗണ്ടുകളിലേക്ക് ചാരിറ്റി സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങള്‍ മാസപ്പടി അയച്ചിട്ടുണ്ടെന്ന് ആര്‍ഒസി കണ്ടെത്തിയിട്ടുണ്ട്. സിഎംആര്‍എല്ലിനെ കൂടാതെ എക്‌സാലോജിക്കിന് മാസപ്പടി നല്‍കിയിരുന്ന കമ്പനികള്‍ ഏതൊക്കെയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കാമോ?

4. എക്‌സാലോജിക്കിന് മാസപ്പടി നല്‍കിയ സ്ഥാപനങ്ങള്‍ക്ക് നികുതി ഇളവ് ഉള്‍പ്പെടെയുള്ള എന്തെങ്കിലും ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?

5. കരിമണല്‍ കമ്പനി ഉടമയുടെ ഭാര്യയുടെ സ്ഥാപനമായ എംപവര്‍ ഇന്ത്യയില്‍ നിന്നും നിന്നും എക്‌സാലോജിക് സ്വീകരിച്ച വായ്പ സംബന്ധിച്ച കണക്കുകളില്‍ വ്യക്തതയില്ലെന്നും ആര്‍ഒസി വെളിപ്പെടുത്തിയിട്ടുണ്ട്. എംപവര്‍ നല്‍കിയ വായ്പ മുഴുവനായി എക്‌സാലോജിക് അക്കൗണ്ടില്‍ എത്തിയിട്ടില്ല. ആ പണം എവിടെ പോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുമോ?

അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ നിന്നും കര്‍ണാടക ഹൈക്കോടതി വിധിയില്‍ നിന്നും ഉയര്‍ന്നു വന്നതാണ് ഈ അഞ്ച് ചോദ്യങ്ങളും. ഈ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.