‘മുഖ്യമന്ത്രി ശ്രമിക്കുന്നത് സംഘപരിവാറിനെ പ്രീതിപ്പെടുത്താൻ’, സംസ്ഥാന ഭരണം ആർഎസ്എസിന്‍റെ നിയന്ത്രണത്തിലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

Jaihind Webdesk
Tuesday, October 1, 2024

 

എറണാകുളം: ഒരു ജില്ലയെ അല്ലെങ്കിൽ ഒരു മതത്തെ വളരെ ബോധപൂർവം ആക്രമിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാ​ഗമായി മുഖ്യമന്ത്രി കേരളത്തിലെ സംഘപരിവാർ പ്രസ്ഥാനങ്ങളെ പ്രീതിപ്പെടുത്താൻ വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ. കേരളത്തിൽ ബിജെപിക്ക് ജയിക്കാനുള്ള പശ്ചാത്തലം മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കിയിരിക്കുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ രാഹുൽ പറഞ്ഞു.

സംസ്ഥാന ഭരണം പരിപൂർണ്ണമായി ആർഎസ്എസ് നിയന്ത്രണത്തിലാണ്. ഏറ്റവും കൂടുതൽ ശാഖകൾ ഉള്ളത് സിപിഎമ്മിലാണ്. ഏറ്റവും കൂടുതൽ ആർഎസ്എസ് പ്രത്യയശാസ്ത്രം പേറുന്ന ആളുകളെ നമുക്ക് സിപിഎം നേതൃത്വത്തിനകത്ത് കാണാമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. ഒക്ടോബര്‍ എട്ടിന് യുഡിഎഫ് നിയമസഭ മാര്‍ച്ച് നടത്തും. സ്വര്‍ണക്കടത്ത് കേസിൽ അറസ്റ്റിലായ ശിവശങ്കറും സ്വപ്നയും മലപ്പുറം ജില്ലക്കാരാണോയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.

ഡൽഹി ആസ്ഥാനമായ പിആർ ഏജൻസിയാണോ മുഖ്യമന്ത്രിയുടെ നാവെന്നും ഒരു മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ തീരുമാനിക്കുന്നത് ഒരു പിആർ ഏജൻസിയാണോയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. അൻവറിനോടുള്ള വിരോധം മുഖ്യമന്ത്രി ഒരു ജില്ലയോടും ജനങ്ങളോടും ഉള്ള വിരോധമാക്കരുതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.