മുടിയനായ പുത്രനാണ് മുഖ്യമന്ത്രി: മുല്ലപ്പള്ളി

അഡ്വക്കേറ്റ് ജനറലിനും കാബിനറ്റ് പദവി നല്‍കിയതിലൂടെ കേരള രാഷ്ട്രീയത്തിലെ മുടിയനായ പുത്രനാണ് മുഖ്യമന്ത്രി് പിണറായി വിജയനെന്ന് തെളിയിച്ചതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി. 20 മന്ത്രിമാര്‍ക്കാര്‍ പുറമെ കാബിനറ്റ് പദവിക്കാരുടെ എണ്ണം അഞ്ചായി. അഡ്വക്കേറ്റ് ജനറലിന് കാബിനറ്റ് പദവി നല്‍ക്കേണ്ട പ്രത്യേക സാഹചര്യം എന്തെന്ന് വിശദീകരിക്കാന്‍ മുഖ്യമന്ത്രിയും നിയമ മന്ത്രിയും തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

ഇഷ്ടക്കാര്‍ക്ക് കാബിനറ്റ് പദവി നല്‍കുന്നത് പിണറായി സര്‍ക്കാരിന്റെ പതിവ് പരിപാടിയായി മാറി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴാണ് ഇടതുസര്‍ക്കാരിന്റെ അനാവശ്യ ധൂര്‍ത്ത്. സംസ്ഥാനത്ത് കാബിനറ്റ് റാങ്കുകാരെ തട്ടിയിട്ട് നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യൂതാനന്ദന്‍, മുന്നാക്കക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ബാലകൃഷ്ണപിള്ള, സര്‍ക്കാര്‍ ചീഫ് വിപ്പ് ആര്‍.രാജന്‍, ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പതിനിധിയായി ആറ്റിങ്ങലില്‍ തോറ്റ സ്ഥാനാര്‍ത്ഥി എ.സമ്പത്ത് എന്നിങ്ങനെയാണ് പിണറായി സര്‍ക്കാര്‍ കാബിനറ്റ് പദവി നല്‍കിയ പ്രമുഖര്‍. ഇവര്‍ക്കൊല്ലാം ഔദ്യോഗിക വസതി, ജീവനക്കാര്‍, വാഹനം തുടങ്ങിയവയക്കും സര്‍ക്കാര്‍ ചെലവാക്കേണ്ട് കോടികളാണ്. പ്രതിവര്‍ഷം നികുതിദായകന്റെ എത്രകോടിയാണ് ഇത്തരം ചെലവുകളുക്കായി സര്‍ക്കാര്‍ പാഴ്ക്കുന്നതെന്ന് പൊതുജനത്തിന് മുന്നില്‍ വിശദീകരിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

സംസ്ഥാനത്തിന് അധിക സാമ്പത്തികബാധ്യത വരുത്തുന്നതാണ് മന്ത്രിസഭാ തീരുമാനം.പുരകത്തുമ്പോള്‍ വാഴവെട്ടുന്ന സമീപനമാണ് മുഖ്യമന്ത്രിക്കും സംസ്ഥാന മന്ത്രിമാര്‍ക്കും. ജീവിക്കാന്‍ കഷ്ടപ്പെടുന്ന ജനതയോടുള്ള പിണറായി സര്‍ക്കാരിന്റെ വെല്ലുവിളിയാണ് ഇഷ്ടക്കാര്‍ നല്‍ക്കുന്ന ഇത്തരം പ്രത്യേക പദവികള്‍. മാധ്യമ ഉപദേഷ്ടാവ്, സാമ്പത്തിക ഉപദേഷ്ടാവ് ഉള്‍പ്പടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉപദേശക സംഘത്തിന്റെ ബഹളമാണ്. ഇതിനു പുറമെയാണ് ഒരു ലക്ഷത്തിലധികം പ്രതിമാസ ശമ്പളനിരക്കില്‍ അടുത്തകാലത്ത് ലെയ്സണ്‍ ഓഫീസറായി വേലപ്പന്‍ നായരെ മുഖ്യമന്ത്രി നിയമിച്ചത്.
സുരക്ഷയുടെയും വാഹന ആഡംബരത്തിന്റെയും പേരിലും മുഖ്യമന്ത്രിയും മന്ത്രിമാരും പൊടിക്കുന്നതും കോടികളാണ്. ഭരണകാര്യങ്ങള്‍ ഒന്നും ശ്രദ്ധിക്കാന്‍ ഇവര്‍ക്ക് താല്‍പ്പര്യമില്ല. ഓരോ വകുപ്പിലും ആയിരക്കണക്കിന് ഫയലുകളാണ് തീര്‍പ്പാകാതെ കെട്ടികിടക്കുന്നത്. വിദേശയാത്രയുടെ പേരിലും പാവപ്പെട്ട നികുതി ദായകന്റെ പണം മുഖ്യമന്ത്രി ഖജനാവില്‍ നിന്നും പൊടിച്ചു. വിദേശപര്യടന വേളയില്‍ മുഖ്യമന്ത്രിയുടെ സ്വകാര്യ സുരക്ഷക്കായി നല്‍കിയതും ലക്ഷങ്ങളാണ്. മുഖ്യമന്ത്രിയുടെ വിദേശയാത്ര കൊണ്ട് സംസ്ഥാനത്തിന് എന്ത് നേട്ടമാണ് ലഭിച്ചതെന്നും മുല്ലപ്പള്ളി ചോദിച്ചു.
ഒരു ജനതയ്ക്ക് അര്‍ഹിക്കുന്ന ഭരണം എന്ന തത്വമാണ് മുഖ്യമന്ത്രി കേരളത്തില്‍ നടപ്പിലാക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഇത്തരം ചെയ്തികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Comments (0)
Add Comment