തടങ്കൽ പാളയം സ്ഥാപിക്കണമെന്ന് നിർദേശം നൽകി എന്ന മുഖ്യമന്ത്രിയുടെ പ്രസ്‍‍താവനയില്‍ വിശദീകരണവുമായി ചെന്നിത്തല

Jaihind News Bureau
Tuesday, February 11, 2020

RameshChennithala-sabha-inside

രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് തടങ്കൽ പാളയം സ്ഥാപിക്കണമെന്ന നിർദേശം നൽകിയതെന്ന മുഖ്യമന്ത്രിയുടെ പ്രസ്‍‍താവനയ്‍ക്ക് വിശദീകരണവുമായി ചെന്നിത്തല. താൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് തടങ്കൽ പാളയങ്ങൾ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചത് പാസ്‍പോര്‍ട്ട്, വിസ കാലാവധി തീര്‍ന്ന വിദേശികള്‍ക്കായാണെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. ഇന്ന് ഇത്തരം സെന്‍ററുകള്‍ സ്ഥാപിക്കുന്നതിന് പിന്നിൽ അന്നത്തെ സാഹചര്യമല്ലെന്നും ആശയക്കുഴപ്പം തീരുന്നത് വരെ സെന്‍സസ് നീട്ടിവയ്ക്കണമെന്നും ചെന്നിത്തല പറഞ്ഞു.

എന്നാല്‍ സെൻസസിനെതിരെ അനാവശ്യ ഭീതി പരത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സെൻസസും ജനസംഖ്യാ രജിസ്റ്ററും രണ്ടാണെന്നും സെന്‍സസ് പ്രവര്‍ത്തനം തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സെൻസസിന് മുൻപ് ബോധവൽക്കരണ പരിപാടി നടത്തുമെന്നും സംസ്ഥാനത്ത് എന്‍പിആര്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

കേന്ദ്ര സർക്കാർ നൽകിയ 31 ചോദ്യവാലി ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ഒന്നാംഘട്ട സെൻസസിനുള്ള വിജ്ഞാപനം പുറത്തിറങ്ങിയിരുന്നു. പൊതുഭരണവകുപ്പാണ് വിജ്ഞാപനം ഇറക്കിയത്. കുടുംബ നാഥന്‍റെ പേരും തൊഴില്‍, ഭവന സൗകര്യം, പശ്ചാത്തല സൗകര്യങ്ങള്‍ തുടങ്ങിയവയാണ് ചോദ്യാവലിയിലുള്ളത്. വിവാദ ചോദ്യങ്ങളൊന്നും തന്നെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.