പ്രതിപക്ഷ ഐക്യത്തിന്‍റെ ശക്തി വിളിച്ചോതി ചെന്നൈ

Monday, December 17, 2018

പ്രതിപക്ഷ ഐക്യത്തിന്‍റെ ശക്തി വിളിച്ചോതി  എം. കരുണാനിധിയുടെ പ്രതിമാ അനാച്ഛാദന ചടങ്ങ്. ചെന്നൈയിൽ നടന്ന ചടങ്ങിൽ യുപിഎ അധ്യക്ഷ സോണിയാഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പങ്കെടുത്ത ചടങ്ങിൽ എംകെ സ്റ്റാലിനൊപ്പം കേരള-ആന്ധ്ര മുഖ്യമന്ത്രിമാരുൾപ്പെടെയുള്ളവരും പങ്കെടുത്തു. ബിജെപിക്കെതിരെ അണിനിരക്കുന്ന പ്രതിപക്ഷ കക്ഷികളുടെ സംഗമവേദിയായി മാറുകയായിരുന്നു ചെന്നൈ.

ജനദ്രോഹ നടപടികളും വര്‍ഗ്ഗീയ ധ്രുവീകരണവുമായി രാജ്യത്തെ ദുരിതത്തിലാഴ്ത്തുന്ന  ബിജെപിക്കെതിരെ അണിനിരക്കുന്ന പ്രതിപക്ഷ കക്ഷികളുടെ സംഗമവേദിയായി ചെന്നെെ. തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായിരുന്ന കരുണാനിധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങിലാണ് രാഷ്ട്രീയവെെരം മറന്ന് വിവിധ ദേശീയ, സംസ്ഥാന നേതാക്കള്‍ അണിചേര്‍ന്നത്.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരിടത്ത് പോലും ഭരണം പിടിക്കാനാവാതെ പോയതിന് ശേഷം ആദ്യമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തുച്ചേര്‍ന്നു എന്നത് കൊണ്ടു തന്നെ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു ഈ ഒത്തുചേരല്‍.  ഡിഎംകെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന് പുറമേ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പുതുച്ചേരി മുഖ്യമന്ത്രി നാരായണ സാമി,  രജനികാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു. ബിജെപിക്കെതിരായ വിശാലപ്രതിപക്ഷമെന്ന നീക്കത്തിന് ശക്തി പകരുന്നതാണ് ഈ ഒത്തുച്ചേരല്‍ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്.

ലോക്സഭ തെര‌ഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെയുള്ള നീക്കങ്ങള്‍ ഊര്‍ജിതമാകുകയാണ്. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിയെ പ്രഖ്യാപിക്കുന്നുവെന്നെന്ന് ചടങ്ങില്‍ ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ പറഞ്ഞു. രാഹുലിന്‍റെ കരങ്ങൾക്ക് ശക്തി പകരണമെന്നും അതിനായി ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ഒപ്പമുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളോടും അഭ്യർത്ഥിക്കുന്നതായും സ്റ്റാലിന്‍ പറഞ്ഞു. കേരള മുഖ്യമന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായി പിണറായി വിജയനെ വേദയിലിരുത്തിയാണ് സ്റ്റാലിന്‍ രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.  ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കാന്‍ സാധ്യതയുള്ള രാഷ്ട്രീയമാറ്റങ്ങളുടെ സൂചനയായാണ് ഇത്  വിലയിരുത്തപ്പെടുന്നത്.