
കേരള മനഃസാക്ഷിയെ ഞെട്ടിച്ച ചീനിക്കുഴി കൂട്ടക്കൊലപാതക കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. കേസില്‍ പ്രതിയായ ആലിയക്കുന്നേല്‍ ഹമീദിനെ മരണം വരെ തൂക്കിലേറ്റാനാണ് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടത്. നടന്നത് കരുതിക്കൂട്ടിയുള്ള കൊലപാതകം ആണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി പൂര്‍ണമായും അംഗീകരിച്ചു.
പ്രോസിക്യൂഷന്റെ വാദങ്ങള്‍ കോടതി പൂര്‍ണ്ണമായും അംഗീകരിച്ചതായി പ്രോസിക്യൂട്ടര്‍ സുനില്‍ മഹേശ്വര പിള്ള വ്യക്തമാക്കി. പ്രായം കണക്കിലെടുത്ത് പ്രതി ശിക്ഷാ ഇളവ് അര്‍ഹിക്കുന്നില്ല എന്ന വാദവും കോടതി ശരിവെച്ചു. കേസില്‍ ദൃക്സാക്ഷിയുടെ മൊഴി നിര്‍ണ്ണായകമായി. കൂടാതെ, പ്രതിയുടെ ഫോണ്‍ കോളുകള്‍ കോടതിയില്‍ ഹാജരാക്കാനായതും പ്രതിക്കെതിരായ ശാസ്ത്രീയ തെളിവുകള്‍ അവതരിപ്പിക്കാനായതും കുറ്റം തെളിയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കോടതി വിധിയില്‍ തൃപ്തരല്ലെന്നും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ സെബാസ്റ്റ്യന്‍ കെ. ജോസ് അറിയിച്ചു. വിധി പഠിച്ച ശേഷം കൂടുതല്‍ പ്രതികരണം അറിയിക്കാം. കേസില്‍ അപ്പീലിന് പോകുമെന്നും പ്രതിയുടെ നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കുമെന്നും തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതിയില്‍ നിയമപോരാട്ടം തുടരുമെന്നും പ്രതിഭാഗം അറിയിച്ചു.