2006 ൽ ശിലാസ്ഥാപനം , 2016 ജനുവരി 11ന് ഉദ്ഘാടനം; രണ്ടിലും ഒറ്റപ്പേര്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി; കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് സന്ദര്‍ശിച്ച് ചാണ്ടി ഉമ്മന്‍

Jaihind Webdesk
Saturday, August 19, 2023

പുതുപ്പള്ളി : ദാ ഇത് കണ്ടോ? ആ തിയതികൾ ഒന്ന് നോക്കിയാൽ നിങ്ങൾക്ക് പിടി കിട്ടും. ചാണ്ടി ഉമ്മൻ അത് പറഞ്ഞപ്പോഴാണ് കൂടെ ഉണ്ടായിരുന്ന വിദ്യാർത്ഥികളും മറ്റുള്ളവരും ആ തിയതികളിലേയ്ക്ക് ശ്രദ്ധിച്ചത്. അകല കുന്നം പഞ്ചായത്തിൽ തെക്കും തലയിൽ സ്ഥിതി ചെയ്യുന്ന കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് സന്ദർശിക്കുമ്പോഴായിരുന്നു സംഭവം. ക്യാമ്പസിൽ സന്ദർശനം നടത്തി ലൈബ്രറിക്കടുത്ത് എത്തിയപ്പോഴാണ് ചുവരിൽ രണ്ട് ഫലകങ്ങൾകണ്ടത്. ഒന്നാമതായി 2006 ൽ ജനുവരിയിൽ സ്ഥാപനത്തിൻ്റെ ശിലാസ്ഥാപനം നടത്തിയ ഫലകം അതിൽ ഉമ്മൻ ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ പേരുണ്ട്. രണ്ടാമതായി 2016 ജനുവരി 11ന് ഉദ്ഘാടനം നടത്തിയ ഫലകം അതിലും മുഖ്യമന്ത്രിയുടെ പേര് ഉമ്മൻ ചാണ്ടി എന്നാണ്.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോൾ തറക്കല്ലിട്ട സ്ഥാപനത്തിന് അഞ്ച് വർഷം എൽ ഡി എഫ് സർക്കാർ ഒന്നും ചെയ്തില്ല. ഉമ്മൻ ചാണ്ടി വീണ്ടും മുഖ്യമന്ത്രി ആയ ശേഷമാണ് സ്ഥാപനത്തിന് പണം അനുവദിച്ച് നിർമ്മാണം നടത്തിയത്. ഏകദേശം പത്ത് ഏക്കറിലധികം വിസ്തൃതിയിൽ കിടക്കുന്ന നൂതന സംവിധാനങ്ങളുള്ള ഒരു മികച്ച സ്ഥാപനമാണ് കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട്, ഇടത് സർക്കാർ ഭരിക്കുമ്പോൾ പുതുപ്പള്ളി മണ്ഡലത്തിൽ പുലർത്തുന്ന അവഗണനാ മനോഭാവത്തിൻ്റെ രാഷ്ട്രീയം യുഡിഎഫ് പ്രവർത്തകർ ഉയർത്തുന്നുണ്ട്. എഴു വർഷമായി തുടർച്ചയായി ഭരിക്കുന്ന എൽ ഡി എഫ് മണ്ഡലത്തിലെ എം.എൽ എയായ ഉമ്മൻ ചാണ്ടിയെ എന്തിനാണ് കുറ്റപ്പെടുത്തുന്നത് എന്നാണ് യുഡിഎഫിന്‍റെ ചോദ്യം.

ഇൻസ്റ്റിറ്റ്യൂട്ടിലെത്തിയ ചാണ്ടി ഉമ്മനെ ക്യാമ്പസും ക്ലാസ് റൂമുകളുമെല്ലാം കൂടെ നടന്ന് കാട്ടിയ ശേഷമാണ് വിദ്യാർത്ഥികളും അനധ്യാപകരും യാത്രയാക്കിയത്. വിജയിച്ച് വരുമ്പോൾ ഇൻസ്റ്റിറ്റ്യൂട്ടിനായി കുറച്ച് കൂടി കാര്യങ്ങൾ ചെയ്യണമെന്നും വിദ്യാർത്ഥികൾ പറയാൻ മറന്നില്ല.