അധികൃതരുടെ കനിവ് കാത്ത്, തലചായ്ക്കാന്‍ ഇടം തേടി ചന്ദ്രനും കുടുംബവും

Jaihind News Bureau
Thursday, August 22, 2019

പ്രളയത്തെ തുടർന്ന് വൃദ്ധസദനത്തിൽ അഭയാർത്ഥികളായി താമസിക്കുകയാണ് കണ്ണൂർ ധർമ്മടത്തെ ഒരു നിർധന കുടുംബം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന ധർമ്മടം  ചിറക്കുനിയിലെ ചന്ദ്രനും കുടുംബവുമാണ് പഞ്ചായത്തിലെ വൃദ്ധസദനത്തിൽ അഭയാർത്ഥികളായി മാറിയത്. ഇവർ താമസിച്ചിരുന്ന ഷെഢ് തകർന്നതോടെയാണ് രോഗിയായ ചന്ദ്രനും കുടുംബവും വൃദ്ധസദനത്തിലേക്ക് താമസം മാറിയത്.

ധർമ്മടം  പഞ്ചായത്തിലെ 17 വാർഡ് ചിറക്കുനിയിൽ  സൗപർണ്ണിക എന്ന വീട്ടിൽ താമസിച്ചിരുന്ന ചന്ദ്രനും കുടുംബവുമാണ് പഞ്ചായത്തിലെ വൃദ്ധസദനത്തിൽ അഭയാർത്ഥികളായി മാറിയത്. കഴിഞ്ഞ വർഷത്തെ  വെള്ളപ്പൊക്കത്തിൽ ചന്ദ്രന്‍റെ മൺകട്ട കൊണ്ട് നിർമ്മിച്ച വീട് ഭാഗികമായി തകർന്നു. വീട് അപകടാവസ്ഥയിൽ ആയതോടെ ചന്ദ്രനും കുടുംബവും വീടിന് സമീപം ഷെഢ് കെട്ടി താമസം അതിലേക്ക് മാറ്റി. എന്നാൽ ഈ കാലവർഷത്തിൽ ഷെഢും തകർന്നു. ഇതോടെയാണ്  ചന്ദ്രനും ഭാര്യ നളിനിയും, മകൻ രാജേഷും പഞ്ചായത്ത് വൃദ്ധസദനത്തിലെ അഭയാർത്ഥികളായി മാറിയത്. പക്ഷാഘാതത്തെ തുടർന്ന് ഒരു കാലും കൈയ്യും തളർന്ന ചന്ദ്രൻ  ഭാര്യയുടെയും മകന്‍റെയും സഹായത്തോടെയാണ് ദിനചര്യകൾ പോലും ചെയ്യുന്നത്.

പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട ഇവർക്ക്  ബിപിഎൽ കാർഡ് ലഭിച്ചത് ഏതാനും മാസങ്ങൾക്ക് മുൻപാണ്. ധർമ്മടം പഞ്ചായത്തിൽ വീട് നിർമ്മിക്കാനുള്ള അപേക്ഷ പല തവണ നൽകിയെങ്കിലും അത് തള്ളി പോവുകയായിരുന്നു

മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലത്തിൽ താമസിക്കുന്ന ചന്ദ്രനും കുടുംബവും സർക്കാരിന്‍റെയും പഞ്ചായത്ത് അധികൃതരുടെയും  കനിവിനായി കാത്ത് നിൽക്കുകയാണ്. സംസ്ഥാന സർക്കാർ ഇടപെട്ട്   ഇവർക്ക് വീട് നിർമ്മിക്കാനുള്ള ധനസഹായം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.

പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള വൃദ്ധസദനത്തിൽ ഇനി എത്ര ദിവസം കഴിയുവാൻ പറ്റുമെന്ന കാര്യത്തിൽ ചന്ദ്രനും കുടുംബത്തിനും നിശ്ചയമില്ല. ഇവിടെ നിന്ന് പടിയിറങ്ങേണ്ടി വന്നാൽ വീടിനോട് ചേർന്നുളള ഷെഢിലേക്ക് രോഗിയായ ചന്ദ്രന് മാറേണ്ടി വരും.വീടു നിർമ്മിക്കാനായി നല്ല മനസുകളുടെ സഹായവും ഇവർ പ്രതീക്ഷിക്കുന്നു.

 

https://www.youtube.com/watch?v=FNaBfa9Yup0