ബിജെപിയ്ക്കെതിരെ മതേതര കക്ഷികളുടെ കൂട്ടായ്മ ശക്തമാകുന്നു

Jaihind Webdesk
Thursday, November 1, 2018

ബിജെപിയ്ക്കെതിരെ മതേതര കക്ഷികളുടെ കൂട്ടായ്മ ശക്തമാകുന്നു. ആന്ധ്രാ മുഖ്യമന്ത്രിയും ടിഡിപി പ്രസിഡന്‍റുമായ എന്‍. ചന്ദ്രബാബു നായിഡു ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച ദേശീയ രാഷ്ട്രീയത്തില്‍ പുത്തന്‍ സമവാക്യങ്ങളുടെ തുടക്കമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.

ചന്ദ്രബാബു നായിഡുവുമായുള്ള കൂടിക്കാഴ്ച ശുഭസൂചനകളാണ് നല്‍കുന്നതെന്ന് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തിന്‍റെ ഭാവിയ്ക്കായി ബിജെപി ഇതര കക്ഷികളുടെ കൂട്ടായ്മ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഭാവി രാഷ്ട്രീയത്തെക്കുറിച്ചാണ് തങ്ങള്‍ ചര്‍ച്ച നടത്തിയതെന്നും കഴിഞ്ഞകാല രാഷ്ട്രീയത്തിന് ഇനി ഒരു പ്രസക്തിയുമില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

മതേതര ശക്തികള്‍‌ ഒരുമിച്ച് നില്‍ക്കേണ്ട സമയമാണ് ഇതെന്ന് ചന്ദ്രബാബു നായിഡു പ്രതികരിച്ചു. രാജ്യവും ജനങ്ങളും അതാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തേണ്ടത് ജനാധിപത്യം ആഗ്രഹിക്കുന്ന ഇന്ത്യന്‍ ജനതയുടെ ആവശ്യമാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട ചന്ദ്രബാബു നായിഡു വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്ക് ശേഷം ഒന്നിച്ചായിരുന്നു ഇരുനേതാക്കളും മാധ്യമങ്ങളെ കണ്ടത്.