ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ സന്ദർശനത്തോടനുബന്ധിച്ച് ഡൽഹി കേരള ഹൗസിൽ ചാണ്ടി ഉമ്മൻ എംഎൽഎയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുവെച്ച ഫ്ലക്സ് നീക്കം ചെയ്തു. റസിഡന്‍റ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം സെക്യൂരിറ്റി ജീവനക്കാരാണ് ഫ്ലക്സ് എടുത്തു മാറ്റിയത്.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് അഭിവാദ്യങ്ങൾ അർപ്പിച്ച് ഡൽഹി കേരള ഹൗസിലെ എൻജിഒ അസോസിയേഷൻ ഗേറ്റിനു വെളിയിൽ സ്ഥാപിച്ച ഫ്ലക്സാണ് നീക്കംചെയ്തത്. കേരള ഹൗസ് റസിഡന്‍റ് കമ്മീഷണറുടെ നിർദ്ദേശപ്രകാരമാണ് സെക്യൂരിറ്റി ജീവനക്കാരെത്തി ഫ്ലക്സ് നീക്കം ചെയ്തത്. അഞ്ചു ദിവസങ്ങൾ മുമ്പാണ് എൻജിഒ അസോസിയേഷൻ ചാണ്ടി ഉമ്മന് അഭിവാദ്യങ്ങൾ അർപ്പിച്ച് ഫ്ലക്സ് സ്ഥാപിച്ചത്. എന്നാൽ ഇന്നലെ വൈകുന്നേരത്തോടുകൂടി സ്പെഷ്യൽ ബ്രാഞ്ച് സിഐ റസിഡന്‍റ് കമ്മീഷണറുടെ നിർദ്ദേശം ഉണ്ടെന്നും ഫ്ലക്സ് മാറ്റണമെന്നും ആവശ്യപ്പെട്ട് അസോസിയേഷൻ ഭാരവാഹികളെ സമീപിച്ചിരുന്നു. എന്നാൽ ഔദ്യോഗിക അറിയിപ്പൊന്നും ലഭിക്കാത്തതിനാൽ അസോസിയേഷൻ ഭാരവാഹികൾ ഫ്ലക്സ് നീക്കം ചെയ്തിരുന്നില്ല.
ഇന്ന് മുഖ്യമന്ത്രി ഡൽഹിയിൽ എത്തുന്നത് പ്രമാണിച്ചാണ് ഫ്ലക്സ്, ഗേറ്റിൽ നിന്നും എടുത്തുമാറ്റാൻ ഉദ്യോഗസ്ഥർ തിടുക്കം കാട്ടിയത്. കാലപ്പഴക്കം ചെന്ന പോസ്റ്ററുകൾ നീക്കം ചെയ്യാറുള്ളത് പതിവാണ്. എന്നാൽ കേവലം അഞ്ചു ദിവസങ്ങൾ മുമ്പ് വെച്ച ഫ്ലക്സ് ആണ് നിലവിൽ നീക്കം ചെയ്തിരിക്കുന്നത്. അതേസമയം പിണറായി വിജയന് അഭിവാദ്യങ്ങൾ അർപ്പിച്ച് എൻജിഒ യൂണിയൻ കേരള ഹൗസ് കോമ്പൗണ്ടിന് അകത്തുവച്ച ഫ്ലക്സ് നാളിതുവരെയായി നീക്കം ചെയ്തിട്ടുമില്ല. ഒരേ കോമ്പൗണ്ടിനുള്ളിൽ ഒരേ വിഷയത്തിൽ രണ്ടു നീതിയാണ് കേരള ഹൗസ് ഉദ്യോഗസ്ഥർ നടപ്പിലാക്കാൻ ശ്രമിക്കുന്നത്.