മാവോയിസ്റ്റ് ആക്രമണ സാധ്യത; ശബരിമലയിൽ കർശന ജാഗ്രതാ നിര്‍ദേശം

Jaihind News Bureau
Monday, November 11, 2019

ശബരിമലയില്‍ മാവോയിസ്റ്റ് ആക്രമണ സാധ്യതയെന്ന് പോലീസ് റിപ്പോര്‍ട്ട്. മാവോയിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ ശബരിമലയിലേക്കു നുഴഞ്ഞു കയറാൻ സാധ്യതയുണ്ടെന്നും, അതീവ ജാഗ്രത പാലിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. അടുത്തിടെ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്‍റലിജന്‍സ് മുന്നറിയിപ്പുമുണ്ട്. വനത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമായതിനാലും, ദർശനത്തിനായി ഭക്തർക്ക് വനത്തിലൂടെ സഞ്ചരിക്കേണ്ടതിനാലും ഭക്തരുടെ കൂട്ടത്തില്‍ മാവോയിസ്റ്റുകള്‍ കടന്നുകൂടാൻ സാധ്യതയുണ്ടെന്ന് ശബരിമല സുരക്ഷാ റിപ്പോർട്ടില്‍ പറയുന്നു.

മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷ കർശനമാക്കാനാണ് തീരുമാനം. മാവോയിസ്റ്റ് ഭീഷണി കണക്കിലെടുത്ത് മറ്റ് സംസ്ഥാനങ്ങളിലെ സുരക്ഷാ ഏജൻസികളുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി ശബരിമലയിലെത്തുന്ന വിദേശ തീർഥാടകരുടെ വിവരങ്ങൾ ശേഖരിക്കും. സുരക്ഷാ ക്യാമറകളുടെ പ്രവർത്തനവും നിരീക്ഷണവും ഉറപ്പാക്കും. പുല്ലുമേട്ടില്‍ പട്രോളിംഗ് ശക്തമാക്കും. ശബരിമലയിൽ വ്യോമനിരീക്ഷണം ഏര്‍പ്പെടുത്താനും നീക്കമുണ്ട്. ഡോളിയിലെത്തുന്നവരെയും ട്രാക്ടറുകളിൽ സ്വാമി അയ്യപ്പൻ റോഡ് വഴി സന്നിധാനത്തേക്ക് കൊണ്ടുപോകുന്ന സാധനങ്ങളും പരിശോധിക്കണമെന്നാണ് നിർദേശം.

തീരദേശം വഴി ആയുധങ്ങളും സ്ഫോടക വസ്തുക്കളും കേരളത്തിലേക്ക് കടത്താൻ സാധ്യതയുണ്ടെന്നും ജില്ലാ പൊലീസ് മേധാവികൾ തീരദേശത്ത് ജാഗ്രത പാലിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര ഏജൻസികളും സാഹചര്യങ്ങൾ നീരീക്ഷിക്കുന്നുണ്ട്. മണ്ഡലപൂജയ്ക്കായി നവംബർ 16 നാണ് ശബരിമല നട തുറക്കുന്നത്. മകരവിളക്കിന് ശേഷം ജനുവരി 20 നാണ് നട അടയ്ക്കുന്നത്.