മാധ്യമസ്വാതന്ത്ര്യത്തിനുമേല്‍ മോദിയുടെ കടന്നുകയറ്റം: കരണ്‍ ഥാപ്പറിന്റെയും ബര്‍ക്ക ദത്തിന്റെയും ചാനലിന്റെ സംപ്രേഷണാനുമതി നിഷേധിച്ചു

Tuesday, January 29, 2019

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെയും മോദിയുടെയും മാധ്യമപ്പേടിക്ക് ഒരു ഉദാഹരണം കൂടി. പ്രശസ്ത മാധ്യമപ്രവര്‍ത്തകരായ ബര്‍ക്ക ദത്തിന്റെയും കരണ്‍ ഥാപ്പറിന്റെയും നേതൃത്വത്തില്‍ തുടങ്ങാനിരുന്ന വാര്‍ത്താ ചാനലിന് സംപ്രഷണാനുമതി കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചു. റിപ്പബ്ലിക് ദിനത്തില്‍ ചാനല്‍ സംപ്രേഷണം തുടങ്ങുമെന്നാണ് ചാനല്‍ അധികൃതര്‍ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ചാനല്‍ എയര്‍ ചെയ്യരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതായി കപില്‍ സിബല്‍ ആരോപിച്ചു.

കേന്ദ്രസര്‍ക്കാരില്‍ നിന്നും ചാനലിനായി ലൈസന്‍സ് കിട്ടുന്നതിന് തന്നെ വളരെ പ്രയാസപ്പെട്ടെന്നും, സംപ്രേഷണം തുടങ്ങാനിരിക്കെ പിന്‍വലിച്ചത് അഭിപ്രായ സ്വാതന്ത്ര്യം ലംഘിക്കലുമാണെന്ന് കപില്‍ സിബല്‍ ആരോപിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുളള കടന്നു കയറ്റമാണിതെന്നും, ജനങ്ങള്‍ക്ക് ഇവിടെ സംസാരിക്കാനുളള സ്വാതന്ത്ര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഴുവന്‍ സമയ വാര്‍ത്താ ചാനലായി തുടങ്ങാനായിരുന്നു തീരുമാനം. 1995-ലാണ് ബര്‍ക്കാ ദത്ത് എന്‍ഡിടിവിയില്‍ ചേര്‍ന്നത്. ചാനലിന്റെ മാനേജിംഗ് എഡിറ്റര്‍ പദവി ഉള്‍പ്പെടെ നിര്‍ണ്ണായക പദവികള്‍ അവര്‍ വഹിച്ചിട്ടുണ്ട്. ചാനലിന്റെ കണ്‍സള്‍ട്ടിങ് എഡിറ്ററും വാര്‍ത്താ അവതാരകയുമായി പ്രവര്‍ത്തിച്ചുവരുമ്പോഴാണ് അവര്‍ ചാനലില്‍ നിന്ന് രാജിവെക്കുന്നത്. ബര്‍ഖയുടെ രാജി എന്‍ഡി ടിവി സ്വീകരിച്ചു. കാശ്മീര്‍ യുദ്ധം റിപ്പോര്‍ട്ട് ചെയ്താണ് അവര്‍ ശ്രദ്ധിക്കപ്പെടുന്നത്

ദ ടൈംസിലാണ് കരണ്‍ഥാപ്പര്‍ മാധ്യമ പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് ഹിന്ദുസ്ഥാന്‍ ടൈംസ് ടെലിവിഷന്‍ ഗ്രൂപ്പ്, ഹോംടിവി, യുണൈറ്റഡ് ടെലിവിഷന്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. രാഷ്ട്രീയക്കാരെയും മറ്റു കടന്നാക്രമിച്ചുളള കരണ്‍ ഥാപ്പറിന്റെ ഡെവിള്‍സ് അഡ്വക്കേറ്റ് എന്ന പരിപാടി ഏറെ ശ്രദ്ദേയമായിരുന്നു