കേന്ദ്ര സർക്കാരും സംഘപരിവാറും ഇന്ത്യയെ ഭിന്നിപ്പിക്കുന്നു; ഭാരത് ജോഡോ യാത്ര രാജ്യത്തിന്‍റെ സ്വാതന്ത്ര്യം നിലനിർത്താന്‍: കെ സുധാകരന്‍ എംപി

 

എറണാകുളം/ആലുവ: കേന്ദ്ര സർക്കാറും സംഘപരിവാറും രാജ്യത്തെ ഭിന്നിപ്പിക്കുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജ്യത്തിന്‍റെ  സ്വാതന്ത്ര്യം നിലനിർത്താനാണെന്നും കെ സുധാകരൻ പറഞ്ഞു.

രാജ്യത്തിന്‍റെ സ്വതന്ത്ര്യം പിടിച്ചുവാങ്ങിയ പ്രസ്ഥാനമാണ് കോൺഗ്രസ്. സ്വാതന്ത്ര്യം നിലനിർത്താൻ രാഷ്ട്രത്തിന് വേണ്ടി ജീവൻ കൊടുത്തവരാണ് കോൺഗ്രസ് നേതാക്കൾ. രാജ്യത്ത് വർഗീയ, ഭാഷാ വിഭാഗങ്ങൾ സംഘർഷങ്ങൾ ഉണ്ടാകാതിരുന്നത് ജനങ്ങൾക്ക് കോൺഗ്രസ് വികാരം ഉള്ളതുകൊണ്ടാണെന്നും രാജ്യത്തെ ജനങ്ങൾക്ക് പ്രത്യാശയും പ്രതീക്ഷയും പകർന്നാണ് ഭാരത് ജോഡോ യാത്ര കടന്ന് പോകുന്നതെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു.

കോൺഗ്രസ് ഉണ്ടാക്കിയതെല്ലാം മോദി സർക്കാർ വിറ്റ് തുലയ്ക്കുന്നു. മോദി ഭരണത്തില്‍ രാജ്യത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ്. എല്ലാം നാടിന് വേണ്ടി കോൺഗ്രസ് ഉണ്ടാക്കിയ വികസനമാണെന്നും ഇത് വിൽപ്പന നടത്താൻ മോദിക്ക് എന്ത് അവകാശമുണ്ടെന്നും കെ സുധാകരൻ എംപി ചോദിച്ചു. പാർലമെന്‍റിനോട് പോലും ബഹുമാനമില്ലാത്ത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. പാർലിമെന്‍റിലെ വല്ലപ്പോഴുമുള്ള സന്ദർശകനാണ് മോദിയെന്നും കെ സുധാകരന്‍ എംപി കുറ്റപ്പെടുത്തി.

Comments (0)
Add Comment