ചെമ്പരിക്ക ഖാസി വധക്കേസ് സി.ബി.ഐ പുനരന്വേഷിക്കും ; രാജ്മോഹന്‍ ഉണ്ണിത്താന് അമിത് ഷായുടെ ഉറപ്പ്

Jaihind News Bureau
Thursday, December 5, 2019


ന്യൂഡൽഹി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ഉപാധ്യക്ഷനും കാസര്‍കോട് ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മുസ്‌ല്യാരുടെ ദൂരൂഹ മരണത്തെ പറ്റി സി.ബി.ഐ പുനരന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ, കാസർഗോഡ് എം.പി രാജ്‌മോഹൻ ഉണ്ണിത്താന് ഉറപ്പ് നൽകി. കേരളത്തിലെ 19 എം.പി മാരുടെ ഒപ്പ് സമാഹരിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രി ഉറപ്പ് നല്‍കിയയത്. ആഭ്യന്തര വകുപ്പ് മന്ത്രിയെ കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷിനോടൊപ്പമാണ് രാജ്മോഹൻ ഉണ്ണിത്താൻ സന്ദർശിച്ചത്.

2010 ഫെബ്രുവരി 15ന് രാവിലെ 6.50നാണ് സി.എം അബ്ദുല്ല മുസ്‌ല്യാരുടെ മൃതദേഹം വീട്ടില്‍ നിന്നു മാറി 900 മീറ്റര്‍ അകലെയുള്ള ചെമ്പരിക്ക കടപ്പുറത്തുനിന്ന് 40 മീറ്റര്‍ അകലെ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്. ചെമ്പരിക്ക ഖാസിയുടേത് ആത്മഹത്യ തന്നെയെന്ന നിലപാടില്‍ പോലിസ് ഉറച്ചുനില്‍ക്കുന്നു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ സി.ബി.ഐയും അതേറ്റുപിടിക്കുന്നു. സാത്വികനായ പണ്ഡിതന്‍, ഒരു ഡസനിലേറെ പ്രാമാണിക ഗ്രന്ഥങ്ങളുടെ കര്‍ത്താവ്, സമസ്ത ഫത്‌വാ കമ്മിറ്റിയംഗം, ഒട്ടേറെ മത സാമൂഹിക സ്ഥാപനങ്ങളുടെ അമരക്കാരന്‍ എന്നീ നിലകളിൽ ശ്രദ്ധേയനായ അദ്ദേഹം ആത്മഹത്യ ചെയ്തു എന്ന പോലീസ് ഭാഷ്യം പരിഹാസ്യമാണ്. കുടുംബാംഗങ്ങളും സമസ്ത കേരള ജംഇയത്തുൽ ഉലമയും ഈ പോലീസ് ഭാഷ്യം തള്ളി നിഷ്പക്ഷമായ ഒരു അന്വേഷണത്തിനായി സമരപാതയിലാണ്.

ആദ്യം അന്വേഷിച്ച ബേക്കൽ പോലീസും പിന്നീട് അന്വേഷിച്ച ക്രൈം ബ്രാഞ്ചും അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുൻപ് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തിരുന്നു. മുസ്‍ലിയാർ, കിഴൂർ കടപ്പുറത്തെ പാറയുടെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതാണ് എന്ന നിഗമനത്തിലാണ് സി.ബി.ഐ എത്തിച്ചേർന്നത്. ഇതിനെ എറണാകുളം സി.ജെ.എം കോടതി നിശിതമായി വിമർശിച്ചിരുന്നു. സി.ബി.ഐ യുടെ രണ്ടാമത്തെ റിപ്പോർട്ടിൽ, മരണം ആത്മഹത്യയാണ് എന്നതിന് തെളിവില്ലെങ്കിലും വിദഗ്‌ധാഭിപ്രായം അനുസരിച്ച് സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ മരണം ആത്മഹത്യയാണ് പ്രസ്താവിച്ചു. ഈ റിപ്പോർട്ട് സ്ഥിതീകരിക്കാനാവില്ലെന്ന് പ്രഖ്യാപിച്ച് പത്ത് വർഷമായി കാസർഗോഡ് നിവാസികൾ പുനരന്വേഷണം ആവശ്യപ്പെട്ട് സമരം നടത്തി വരുകയായിരുന്നു.