മഹുവ മൊയ്ത്രയെ ചോദ്യം ചെയ്യാന്‍ സിബിഐ; നിയമ പോരാട്ടത്തിനൊരുങ്ങി മഹുവയും

Jaihind Webdesk
Wednesday, December 13, 2023

 

ന്യൂഡല്‍ഹി: ചോദ്യത്തിന് കോഴ ആരോപണത്തിൽ ലോക്സഭയിൽ നിന്നും അയോഗ്യയാക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ സിബിഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനെത്തണമെന്നാവശ്യപ്പെട്ട് ഉടൻ നോട്ടീസ് നൽകും. അതേസമയം ബിജെപിയുടെ പക തീരുന്നില്ലെന്നായിരുന്നു മഹുവയുടെ പ്രതികരണം.

ഹിരാ നന്ദാനി ഗ്രൂപ്പിൽ നിന്ന് കോഴയും ഉപഹാരങ്ങളും കൈപ്പറ്റിയെന്ന പരാതിയിലാണ് മഹുവ മോയ്ത്രയെ ചോദ്യം ചെയ്യാൻ സിബിഐ നോട്ടീസ് അയക്കാൻ ഒരുങ്ങുന്നത്. ചോദ്യത്തിന് കോഴ വാങ്ങിയതിന് തെളിവില്ലെന്നായിരുന്നു മഹുവ ഉന്നയിക്കുന്ന പ്രധാന വാദം. പരാതിക്കാരായ നിഷികാന്ത് ദുബൈ എംപിക്കോ ആനന്ദ് ദെഹദ്രായിക്കോ എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞില്ല. താന്‍ പണം വാങ്ങിയെന്ന് ഹിരാ നന്ദാനി ഗ്രൂപ്പ് സിഇഒ ദര്‍ശന്‍ ഹിരാ നന്ദാനി നല്‍കിയ സത്യവാങ്മൂലത്തിലും പറയുന്നില്ല. ഭൂരിപക്ഷം എംപിമാരും ചോദ്യങ്ങള്‍ തയാറാക്കാന്‍ പാര്‍ലമെന്‍റ് പോര്‍ട്ടലിന്‍റെ ലോഗിന്‍ വിവരങ്ങള്‍ കൈമാറാറുണ്ട്. അതേ താനും ചെയ്തിട്ടുള്ളൂവെന്നും അതു തടയാന്‍ നിയമങ്ങള്‍ നിലവിലില്ലെന്നുമാണ് മഹുവയുടെ വാദം. ഇക്കാര്യങ്ങള്‍ പറയാന്‍ എത്തിക്സ് കമ്മിറ്റ് അവസരം നല്‍കിയില്ലെന്നും സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് മഹുവ നിയമ പോരാട്ടത്തിന് ഇറങ്ങുക.

പാര്‍ലമെന്‍റില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ മഹുവ മൊയ്ത്ര സുപ്രീം കോടതിയില്‍ ഹ‍ര്‍ജി സമ‍ർപ്പിച്ചിട്ടുണ്ട്. സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്ന പരാതിയുമാണ് മഹുവ കോടതിയിലെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചോദ്യത്തിന് കോഴ ആരോപണത്തെ തുടര്‍ന്ന് എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മഹുവയെ പുറത്താക്കിയത്. എംപി സ്ഥാനത്തു നിന്നും അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വീടൊഴിയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞ തീയതിക്കുള്ളിൽ ഇറങ്ങുമെന്നും മഹുവ മൊയ്‌ത്ര അറിയിച്ചു.