പെരിയ ഇരട്ടക്കൊല കേസ് അന്വേഷിക്കാന്‍ സിബിഐ സംഘം പെരിയയില്‍

കാസര്‍കോട് പെരിയ ഇരട്ടക്കൊല കേസ് അന്വേഷിക്കാന്‍ സിബിഐ സംഘം പെരിയയിലെത്തി. കൊലപാതകം നടന്ന സ്ഥലത്ത് എത്തിയ സിബിഐ കൃപേഷിന്റെയും ശരത് ലാലിന്‍റെയും കൊലപാതകം പുനരാവിഷ്‌കരിച്ചാണ് അന്വേഷണം ആരംഭിച്ചത്. തിരുവനന്തപുരം യൂണിറ്റ് സൂപ്രണ്ട് നന്ദകുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പെരിയയിലെത്തിയത്.

ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന ശക്തികളെ സംബന്ധിച്ചാകും സി.ബി.ഐയുടെ അന്വേഷണം. രാവിലെ 11 മണിയോടെയാണ് സംഘം പെരിയയിലെത്തി അന്വേഷണം ആരംഭിച്ചത്.

സംഭവത്തിലെ ദൃസാക്ഷികളെ ഉള്‍പ്പെടെ സിബിഐ വിളിച്ചുവരുത്തിയാണ് കൊലപാതക പുനരാവിഷ്‌ക്കരണം നടത്തിയത്. വെട്ടിക്കൊല്ലാന്‍ ഉപയോഗിച്ച വടിവാള്‍ ഉള്‍പ്പെടെയുള്ളവയും സംഭവസ്ഥലത്തെത്തിച്ചിരുന്നു. യുവാക്കളെ മുഖം മൂടി ധരിപ്പിച്ച് രംഗത്തിറക്കിയാണ് അക്രമം. കല്യോട്ട് നിന്നു വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വഴിയില്‍ ഒളിച്ചിരുന്ന സംഘം ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഇവര്‍ വീണ് കിടക്കുന്നതു കണ്ട ബന്ധുക്കള്‍ ജീപ്പില്‍ കയറ്റിയാണ് ആശുപത്രിയിലെത്തിച്ചത്. ഈ ജീപ്പും ഇവിടെ എത്തിച്ചിരുന്നു. ശരത് ലാലിന്റെയും കൃപേഷിന്റെയും ബന്ധുക്കളോട് സിബിഐ സംഘം വിവരം ശേഖരിച്ചിരുന്നു. കൊല നടന്ന ദിവസത്തെ മുഴുവന്‍ സംഭവങ്ങളും സി.ബി.ഐ പുനരാവിഷ്‌ക്കരിച്ചു.

Comments (0)
Add Comment