പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണം ആത്മഹത്യയെന്ന് സിബിഐയുടെ കുറ്റപത്രം. രണ്ടുപേര്‍ക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി. എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്‍റെ പ്രതിപ്പട്ടികയില്‍ നിന്ന് നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ ഒഴിവാക്കിയിട്ടുണ്ട്. കൃഷ്ണദാസിനെതിരെ തെളിവില്ലെന്ന് കാണിച്ചാണ് നടപടി. കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ എന്‍ ശക്തിവേല്‍, ഇന്‍വിജിലേറ്ററും അസിസ്റ്റന്‍റ് പ്രൊഫസറുമായ പി പി പ്രവീണ്‍ എന്നിവര്‍ക്കെതിരെയാണ് സിബിഐ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിരിക്കുന്നത്. നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോള്‍ അഞ്ചുപേരെയാണ് പ്രതികളായി കണ്ടെത്തിയിരുന്നത്.
അതേസമയം, കേസില്‍ തെളിവില്ലായെന്ന സി.ബി.ഐ കുറ്റപത്രം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജിഷ്ണുവിന്‍റെ അമ്മ മഹിജ വ്യക്തമാക്കി. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് അറിയാതെ കോളേജില്‍ ഒന്നും നടക്കില്ലെന്നും മരണത്തിന് പിന്നില്‍ കൃഷ്ണദാസ് തന്നെയാണെന്നും മഹിജ ആരോപിച്ചു.
കോളേജില്‍ കൃഷ്ണദാസ് അറിയാതെ ഒരില പോലും അനങ്ങില്ലെന്നാണ് തന്‍റെ വിശ്വാസമെന്നും കോപ്പിയടിക്കാതെ തന്നെ ജിഷ്ണു കോപ്പിയടിച്ചുവെന്ന് കള്ളകഥകള്‍ ഉണ്ടാക്കി മര്‍ദിച്ചിട്ടുണ്ട്. ഇതിന്‍റെ പിന്നില്‍ കൃഷ്ണദാസ് തന്നെയാണെന്നാണ് വിശ്വസിക്കുന്നതെന്നും മഹിജ പറഞ്ഞു. സിബിഐ പറയുന്ന തെളിവില്ലയെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ മഹിജ അതിന് ശേഷവും കോളേജില്‍ ഒരുപാട് സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നും ഷഹീല്‍ഷൗക്കത്തിന്‍റെ കേസ് ചൂണ്ടിക്കാട്ടി പറഞ്ഞു. ജിഷ്ണു ജീവിച്ചിരിപ്പില്ലാത്ത കാരണമാണ് മരണത്തിന് പിന്നിലെ സത്യം പുറത്ത് വരാത്തതെന്നും അതേ സമയം ഷഹീല്‍ ഷൗക്കത്ത് ഇന്നും ജീവിച്ചിരിക്കുന്നത് കൊണ്ടാണ് മര്‍ദനത്തിന്‍റെ കഥകളെല്ലാം പുറത്ത് വരുന്നതെന്നും അവര്‍ പറഞ്ഞു. കേസില്‍ സി.സി.ടി.വി ക്യാമറകളടക്കം തെളിവുകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും കൂടാതെ കോളേജില്‍ വെച്ചാണ് സംഭവങ്ങള്‍ നടന്നതെന്ന ജിഷ്ണുന്‍റെ സുഹൃത്തുക്കളുടെ മൊഴിയും അവര്‍ തെളിവായി ചൂണ്ടിക്കാട്ടി.
ജിഷ്ണുവിനോട് പ്രതികാരമുണ്ടായിരുന്ന ഏക വ്യക്തി കൃഷ്ണദാസാണെന്ന് ജിഷ്ണുവിന്‍റെ അമ്മാവന്‍ ശ്രീജിത്ത്. ശക്തിവേലിനെയും പി.പി പ്രവീണിനെയും ആയുധങ്ങളാക്കി ഉപയോഗിച്ച കൃഷ്ണദാസിനെ തെളിവില്ലെന്ന് പറഞ്ഞ് വിട്ടയച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും ശ്രീജിത്ത് പറഞ്ഞു.
2017 ജനുവരി ആറിനാണ് ജിഷ്ണുവിനെ കോളേജ് ഹോസ്റ്റലില്‍ ദുരുഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ആണ് കേസ് അന്വേഷിച്ചത്. പിന്നീട് വിവാദങ്ങള്‍ ശക്തമായതിനെത്തുടര്‍ന്ന് സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു.