പരീക്ഷയിൽ കരുതിക്കൂട്ടി പരാജയപ്പെടുത്തി; വിദ്യാർത്ഥികളോട് നെഹ്‌റു കോളേജ് മാനേജ്‌മെന്‍റിന്‍റെ പ്രതികാരം

Jaihind Webdesk
Thursday, December 27, 2018

Jishnu-Case-NehruCollege

ജിഷ്ണു പ്രണോയ് കേസിൽ നെഹ്‌റു കോളേജ് മാനേജ്‌മെന്‍റിനെതിരെ മൊഴി നൽകിയ വിദ്യാർത്ഥികളെ പരീക്ഷയിൽ പരാജയപ്പെടുത്തിയത് കരുതിക്കൂട്ടിയെന്ന് അന്വേഷണ സമിതിയുടെ കണ്ടെത്തൽ. ആരോഗ്യ സർവകലാശാല നിയോഗിച്ച അന്വേഷണ സമിതിയാണ് കോളേജിന്‍റെ പ്രതികാര നടപടി പുറത്തുകൊണ്ടുവന്നത്.

ജിഷ്ണു പ്രണോയ് കേസിൽ മാനേജ്‌മെന്‍റിനെതിരെ മൊഴി നൽകിയ ഡി ഫാം വിദ്യാർത്ഥികളായ അതുൽ, വസീം ഷാ, മുഹമ്മദ് ആഷിഖ് എന്നിവരെ പ്രാക്ടിക്കൽ പരീക്ഷയിൽ തോത്പ്പിച്ചെന്നാണ് പരാതി. തുടർച്ചയായി രണ്ടു തവണ പ്രാക്ടിക്കൽ പരീക്ഷയിൽ പരാജയപ്പെട്ടപ്പോൾ നടത്തിയ അന്വേഷണത്തിലാണ് മാർക്കുകൾ വെട്ടിത്തിരുത്തിയ നിലയിലുള്ള ക്രമക്കേട് കണ്ടെത്തിയത്. തുടർന്ന് വിദ്യാർത്ഥികളുടെ പരാതിയിൽ ആരോഗ്യ സർവകലാശാല നിയോഗിച്ച കമ്മീഷന്റെ അന്വേഷണത്തിലാണ് വിദ്യാർത്ഥികളെ മനപ്പൂർവം തോത്പ്പിച്ചതാണെന്ന് കണ്ടെത്തിയത്. ഇവർക്ക് മറ്റൊരു കോളേജിൽ പ്രായോഗിക പരീക്ഷ നടത്തണമെന്ന് കമ്മീഷൻ ശുപാർശ ചെയ്തു. എന്നാൽ മനപ്പൂർവം തോൽപ്പിച്ചതല്ലെന്നും തിയറി പരീക്ഷകളിൽ ഉൾപ്പെടെ വിദ്യാർത്ഥികളുടെ മോശം പ്രകടനമാണ് തോൽവിക്ക് കാരണമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. അതേസമയം ഡിസംബർ 31ന് നാലാം സെമസ്റ്റർ പരീക്ഷ തുടങ്ങാനിരിക്കെ തോറ്റ പരീക്ഷകളുടെ കാര്യത്തിൽ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ.