അപകടമുണ്ടാകുമ്പോൾ വാഹനം ഓടിച്ചിരുന്നത് അർജ്ജുൻ തന്നെ : ക്രൈംബ്രാഞ്ച്

ബാലഭാസ്‌കറിന് അപകടമുണ്ടാകുമ്പോൾ വാഹനം ഓടിച്ചിരുന്നത് അർജ്ജുൻ തന്നെയെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. ഇക്കാര്യത്തിലെ ഫോറൻസിക് പരിശോധനാ ഫലം രണ്ടാഴ്ചക്കകം ലഭിച്ചേക്കും. അതേസമയം ബാലഭാസ്‌കറിന്‍റേത് അപകട മരണം തന്നെയെന്ന് സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ പ്രകാശൻ തമ്പി. വാഹനം ഓടിച്ചിരുന്നത് അർജുൻ തന്നെയെന്നും ആവർത്തിച്ചു.

ബാലഭാസ്‌കറിന്‍റെ മരണത്തിൽ ദുരൂഹത തോന്നിയിട്ടില്ലെന്നാണ് സ്വർണക്കടത്ത് കേസിൽ ജയിലിൽ കഴിയുന്ന പ്രകാശൻ തമ്പി പറയുന്നത്. ബാലഭാസ്‌കറിന്‍റെ മരണത്തിന് സ്വർണക്കടത്തുമായി യാതൊരു തരത്തിലുമുള്ള ബന്ധമില്ല. ഇപ്പോൾ ഉണ്ടാക്കുന്നത് അനാവശ്യ വിവാദമാണ്. ബാലഭാസ്‌കറിന് അപകടമുണ്ടായപ്പോൾ ഒരു സഹോദരനെപ്പോലെ ഞാൻ കൂടെ നിന്നു. അതാണോ ചെയ്ത തെറ്റെന്നും പ്രകാശൻ തമ്പി ചോദിച്ചു. അപകടമുണ്ടാകുമ്ൾ വാഹനം ഓടിച്ചിരുന്നത് തൃശൂർ സ്വദേശിയായ അർജുൻ തന്നെയാണെന്നും പ്രകാശൻ തമ്പി വ്യക്തമാക്കി.
അതേസമയം, ബാലഭാസ്‌കറിന് അപകടമുണ്ടാകുമ്പോൾ വാഹനം ഓടിച്ചിരുന്നത് അർജുൻ തന്നെയാണെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. എന്നാൽ കാറിന്‍റെ ഡ്രൈവിംഗ് സീറ്റിൽ നിന്ന് കണ്ടെത്തിയ രക്തത്തുള്ളികളുടെയും മുടിയിഴകളുടെയും സ്റ്റിയറിംഗ് വീലിലെ വിരലയാളങ്ങളുടെയും ഫലം കൂടി പുറത്ത് വന്നിട്ട് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചാൽ മതിയെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ. അന്വേഷണം നിർണായക വഴിത്തിരിവിലെത്തിനിൽക്കെ കേസിന്റെ ഫോറൻസിക് പരിശോധനാഫലം ഉടൻ ലഭ്യമാക്കണമെന്ന ക്രൈംബ്രാഞ്ച് അഭ്യർത്ഥന മാനിച്ച് രണ്ടാഴ്ചയ്ക്കകം പരിശോധനാ ഫലം നൽകാനുളള നടപടികൾ ഫോറൻസിക് ലാബിലും ആരംഭിച്ചിട്ടുണ്ട്.

Comments (0)
Add Comment