കേരളം വെളളിയാഴ്ച പോളിംങ് ബൂത്തിലേക്ക്; അവസാന ഘട്ട പ്രചരണത്തില്‍ സ്ഥാനാര്‍ത്ഥികള്‍

Jaihind Webdesk
Monday, April 22, 2024

;തിരുവനന്തപുരം: കേരളം വെളളിയാഴ്ച പോളിംങ് ബൂത്തിലേക്ക്. അവസാന ഘട്ട പ്രചരണത്തിലാണ് മൂന്നണികളും സ്ഥാനാര്‍ത്ഥികളും. സംസ്ഥാനത്തെ ലോക്‌സഭ ഇലക്ഷന്‍റെ പരസ്യ പ്രചരണം അവസാനിക്കാന്‍ ഇനി മൂന്ന് ദിവസം മാത്രം ആണ് ബാക്കിയുളളത്.

പൊതു സമ്മേളനങ്ങളും, റോഡ് ഷോകളും, അനൗണ്‍സ്‌മെന്‍റുകളും, വീടുകള്‍ കയറിയുളള വോട്ട് ചോദ്യവുമൊക്കെയായി സ്ഥാനാര്‍ത്ഥികളും മുന്നണികളും തിരഞ്ഞെടുപ്പ് തിരക്കിലാണ്. വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് തേടാന്‍ ഉളള ഓട്ടപാച്ചിലാണ് സ്ഥാനാര്‍ത്ഥികള്‍. ഒപ്പം ഓടാന്‍ പ്രവര്‍ത്തകരും തയാര്‍. വെളളിയാഴ്ച പോളിംങ് ബൂത്തിലേക്ക് എത്തുന്ന സംസ്ഥാനത്തെ തിരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം അവസാനിക്കാന്‍ ഇനി മൂന്നു ദിവസം മാത്രമാണ് ബാക്കി. വോട്ടുറപ്പിക്കുന്നതിന് അവസാന വട്ട തന്ത്രങ്ങളുമായി ഓടി നടക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കും നേതാക്കള്‍ക്കും കരുത്ത് പകരാനും തിരഞ്ഞെടുപ്പ് കൊഴിപ്പിക്കുവാനും ദേശീയ നേതാക്കളും കളളത്തിലിറങ്ങിയതോടെ ആവേശം ഇരട്ടിയായി മാറി. ഒരുമാസത്തിലേറെ നീണ്ട പ്രചാരണത്തിനാണ് ബുധനാഴ്ച കലാശക്കൊട്ടോടെ പരിസമാപ്തിയാകുന്നത്.

കഴിഞ്ഞ തവണത്തെ 19 ല്‍ നിന്ന് ട്വന്‍റി – ട്വന്‍റിയാണ് യുഡിഎഫ് ലക്ഷ്യം. കനലൊരുതരി കത്തിപ്പടരുന്നതാണ് ഇടതിന്‍റെ സ്വപ്‌നമെങ്കില്‍ എങ്ങനെയെങ്കിലും ഒരു സീറ്റ് എങ്കിലും ഉറപ്പിച്ച് കേരളം ബാലികേറ മലയല്ലെന്ന് തെളിയിക്കാനുളള നീക്കത്തിലാണ് ബിജെപി. തിരുവന്തപുരം ഉള്‍പ്പെടെയുളള മണ്ഡലങ്ങള്‍ ശക്തമായ പോരാട്ടത്തിന് ഒരുങ്ങുകയാണ്. പാര്‍ട്ടികളുടെ പ്രചരണ കമ്മിറ്റി ഓഫിസുകളെല്ലാം രാവും പകലും ഒരു പോലെ പ്രവര്‍ത്തിക്കുന്നു. കുറഞ്ഞ സമയത്തിനുളളില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്നുളളത് മുന്നണികളെ സംബദ്ധിച്ച് വെല്ലുവിളിയാണ്. യുവതലമുറയുടെ സംഘങ്ങള്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി സജീവമാണ്. തിരഞ്ഞെടുപ്പ് പ്രചരണം അവസാന മണിക്കൂറിലേക്ക് കടക്കുമ്പോള്‍ സ്ഥാനാര്‍ത്ഥികളും മുന്നണികളും ഒരുപോലെ ആവേശത്തിലാണ്.