കെ ഫോണ്‍ കരാറില്‍ സർക്കാർ ഖജനാവിന് നഷ്ടം 36 കോടിയെന്ന് സിഎജി കണ്ടെത്തല്‍; സർക്കാരിനോട് വിശദീകരണം തേടി

Jaihind Webdesk
Saturday, August 19, 2023

 

തിരുവനന്തപുരം: കെ ഫോൺ കരാറിൽ ഖജനാവിന് 36 കോടിയിലേറെ നഷ്ടമെന്ന് സിഎജി കണ്ടെത്തൽ. ബെൽ കൺസോർഷ്യത്തിന് കരാർ നൽകിയത് വ്യവസ്ഥകൾ മറികടന്നെന്നും സിഎജി. ചട്ടങ്ങൾ ലംഘിച്ച് എം. ശിവശങ്കറിന്‍റെ വാക്കാലുള്ള നിർദ്ദേശത്തെ തുടർന്ന് കരാർ നൽകുകയായിരുന്നു. ഇതു സംബന്ധിച്ച് സിഎജി സർക്കാരിനോട് വിശദീകരണം തേടി.

ബെൽ കൺസോർഷ്യത്തിന് കെ ഫോൺ പലിശ രഹിത മൊബിലൈസേഷൻ ഫണ്ട് നൽകിയത് വഴി സർക്കാരിന് 36 കോടി നഷ്ടം സംഭവിച്ചതായിട്ടാണ് സിഎജിയുടെ കണ്ടെത്തല്‍. വ്യവസ്ഥകൾ മറികടന്ന് മൊബിലൈസേഷൻ അഡ്വാൻസ്
നൽകിയത് നഷ്ടമുണ്ടാക്കിയെന്നാണ് സിഎജി പരാമർശം.  കെഎസ്ഇബി (KSEB) ഫിനാൻസ് ഓഫീസറുടെ നിർദ്ദേശം പോലും അവഗണിച്ചാണ് കരാറുമായി കെ ഫോൺ മുന്നോട്ടുപോയത്. ആദ്യ കരാറിൽ ഇല്ലാതിരുന്നിട്ടും എം ശിവശങ്കറിന്റെ വാക്കാലുള്ള നിർദ്ദേശം പരിഗണിച്ചാണ് 10 ശതമാനം മൊബിലൈസേഷൻ അഡ്വാൻസ് നൽകാൻ കെഎസ്ഐടിഎൽ തയാറായത്.  എല്ലാ ചട്ടങ്ങളും ലഘിച്ചാണ് ഈ നീക്കം നടന്നത്. ഇതോടെ സിഎജി സർക്കാരിനോട് വിശദീകരണം തേടിയിരിക്കുകയാണ്.

നേരത്തെതന്നെ സിഎജി കരാറുമായി ബന്ധപ്പെട്ട ഒട്ടനവധി ക്രമക്കേടുകളും സാമ്പത്തിക നഷ്ടവും കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ കണ്ടെത്തൽ. കെ ഫോണുമായി ബന്ധപ്പെട്ട് ഉയർന്ന വിവിധ ആരോപണങ്ങളെ ശരിവെക്കുന്നതാണ് സിഎജി കണ്ടെത്തൽ. ഇതോടെ കരാറുമായി ബന്ധപ്പെട്ട് അടിമുടി ദുരൂഹതകൾ ഉയരുകയാണ്. നേരത്തെ ഫോൺ പദ്ധതിക്കായി ചൈനയിൽ നിന്നും വിലകുറഞ്ഞ കേബിളുകൾ ഇറക്കുമതി ചെയ്തത് വലിയ അഴിമതി ആരോപണവും വിവാദവും ഉയർത്തിയിരുന്നു. പദ്ധതിയിൽ ഉടനീളം ക്രമക്കേടും അഴിമതിയും ചട്ടലംഘനങ്ങളും നടന്നെന്ന പ്രതിപക്ഷ ആരോപണത്തെ ശരിവെക്കുന്നതാണ് സിഎജിയുടെ പുതിയ കണ്ടെത്തൽ.