പളളികള്‍ തുറന്നു : ‘ പ്രാര്‍ത്ഥനയുടെ പ്രകാശത്തില്‍ ‘ മിന്നി തിളങ്ങി ലോകാത്ഭുതമായ ദുബായ് ബുര്‍ജ് ഖലീഫ കെട്ടിടം | VIDEO

Jaihind News Bureau
Thursday, July 2, 2020


ദുബായ് : യുഎഇയിലെ മസ്ജിദുകള്‍ കൊവിഡ് മൂലമുള്ള മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷം, തുറന്നപ്പോള്‍ സന്തോഷം വിളിച്ചറിയിച്ച് ലോകാത്ഭുതമായ ബുര്‍ജ് ഖലീഫ പ്രകാശത്താല്‍ മിന്നി തെളിഞ്ഞു. എല്ലാവരും നമസ്‌കാരത്തിനായി വരിക എന്ന അറബിക് ഭാഷയില്‍ എഴുതിയാണ് ദുബായ് ഈ സന്തോഷമൂഹൂര്‍ത്തം വിളിച്ചറിയിച്ചത്.

കൊവിഡിന് എതിരെ രാജ്യത്തിന്‍റെ പ്രതിരോധവും പോരാട്ടവും വിജയം കണ്ടപ്പോള്‍, അതില്‍ പ്രാര്‍ത്ഥനയുടെ ശക്തി ലോകത്തെ വിളിച്ചറിയിക്കുന്നതായിരുന്നു ഈ മൂഹൂര്‍ത്തങ്ങള്‍. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയില്‍, വിളക്കുകള്‍ മിന്നി തെളിഞ്ഞപ്പോള്‍, പ്രാര്‍ഥന ഇവിടെ വെളിച്ചമായി വഴിമാറി. ഇങ്ങിനെ, സംഗീതവും വെളിച്ചവും അപ്രതീക്ഷിതമായി മിന്നി തിളങ്ങിയപ്പോള്‍, കാഴ്ചക്കാര്‍ക്ക് സന്തോഷം ഇരട്ടിയായി.

പള്ളികളില്‍ ബാംഗ് വിളിക്കുന്നതിലെ വരികളാണ് ബുര്‍ജ് ഖലീഫയില്‍ എഴുതി തെളിഞ്ഞത്. എല്ലാവരും നമസ്‌കാരത്തിനായി വരിക എന്ന് അറബിക് ഭാഷയില്‍ അര്‍ഥം വരുന്ന വരികള്‍ ഇപ്രകാരം എഴുതി. കൊവിഡ് മഹാമാരി മൂലം, രാജ്യത്തെ മസ്ജിദുകള്‍ മൂന്ന് മാസത്തോളം അടച്ചിട്ടിരുന്നു. കഴിഞ്ഞ ദിവസമാണ്, നിയന്ത്രണങ്ങളോടെ ഇവ ഭാഗികമായി തുറന്നത്. ഈ സന്തോഷം കൂടിയാണ് ദുബായിയുടെ അഭിമാനസ്തംഭത്തില്‍ അടയാളപ്പെടുത്തിയത്.