ഉയരം കൂടുന്തോറും ചായയ്ക്ക് വിലയും കൂടും… ബുര്‍ജ് ഖലീഫയുടെ 154 -ാം നിലയില്‍ ഒരു ചായയുടെ വില 11,000 രൂപ ! ആകാശത്തോളം മുട്ടിയ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്വീകരണ മുറി

B.S. Shiju
Wednesday, February 13, 2019

ദുബായ് നഗരത്തിന്‍റെ വിശാലമായ ആകാശ കാഴ്ചകളുടെ പുതിയ കവാടമാണിത്. ലോകാത്ഭുതമായ ദുബായിലെ ബുര്‍ജ് ഖലീഫയുടെ 152 മുതല്‍ 154 വരെയുള്ള നിലകളിലേക്കും ഇനി പൊതുജനങ്ങള്‍ക്ക് പ്രവേശിക്കാം. 828 മീറ്റര്‍ ഉയരത്തിലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇവിടെ 575 മീറ്റര്‍ ഉയരത്തിലാണ് വിസ്മയ കാഴ്ചകളുടെ ഈ ലോഞ്ച്.

കാഴ്ചകള്‍ കണ്ടും സംഗീതം ആസ്വദിച്ചും ഭക്ഷണം കഴിക്കാനുള്ള റസ്റ്റോറന്‍റും ഇതിനുള്ളിലുണ്ട്. പക്ഷെ ഒരാള്‍ക്ക് ഒരു ഹൈ ടീയ്ക്കായി നല്‍കേണ്ടത് 600 ദിര്‍ഹമാണ്. അതായത് ഇന്ത്യന്‍ രൂപയില്‍ ഏകദേശം 11,000 രൂപ !

 

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകള്‍ ഉള്‍പ്പടെ നിലവില്‍ പതിനഞ്ചില്‍ അധികം റെക്കോര്‍ഡുകളുടെ ഉടമ കൂടിയാണ് ബുര്‍ജ് ഖലീഫ. നേരത്തെ 125, 148 എന്നീ നിലകളിലായിരുന്നു ഇത്തരത്തിലുള്ള നിരീക്ഷണ കേന്ദ്രം. ഇതാണ് ഇപ്പോള്‍ ആറ് നിലകളിലേക്ക് കൂടി ഉയര്‍ത്തിയത്. ദുബായിയുടെ അടയാളമായി 2010 ജനുവരി നാലിന് ആരംഭിച്ച ഈ ലോകാത്ഭുതം ഒമ്പത് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും പുതിയ നേട്ടങ്ങളുമായി മുന്നേറുകയാണ്.