ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലി കേസ്: അന്വേഷണം ശക്തമാക്കി വിജിലന്‍സ്

Jaihind News Bureau
Monday, May 19, 2025

ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലി കേസില്‍ അന്വേഷണം ശക്തമാക്കി വിജിലന്‍സ്. അറസ്റ്റിലായ മൂന്നു പ്രതികളെയും ഒന്നിച്ചിരുത്തിയുളള ചോദ്യം ചെയ്യല്‍ അന്വേഷണ സംഘം തുടരുകയാണ്. കേസിലെ ഒന്നാം പ്രതിയായ ഇഡി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുമാറിനെതിരെ കൂടുതല്‍ തെളിവുകള്‍ സമാഹരിക്കാനാണ് വിജിലന്‍സ് ശ്രമം. കൈക്കൂലി പണത്തിന്റെ കൈമാറ്റത്തില്‍ ഹവാല ഇടപാടുകളടക്കം നടന്നിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ നിഗമനം. കേസില്‍ അറസ്റ്റിലായ പ്രതികളുടെ ഫോണുകള്‍ ഉടന്‍ ശാസ്ത്രീയ പരിശോധനയ്ക്കയയ്ക്കും.

കൊട്ടാരക്കരയിലെ കശുവണ്ടി വ്യവസായിക്കെതിരെ ഇഡി ചുമത്തിയ കേസ് ഒഴിവാക്കാനായിരുന്നു ശേഖര്‍ കുമാര്‍ കൈക്കൂലിയായി പണം ആവശ്യപ്പെട്ടത്. ശേഖര്‍ കുമാറും രണ്ടാം പ്രതി വില്‍സനും ഗൂഢാലോചന നടത്തിയതായി വിജിലന്‍സ് പറഞ്ഞു. വ്യാഴാഴ്ച വൈകുന്നരം മൂന്ന് മണിക്ക് എറണാകുളം പനമ്പിള്ളി നഗറില്‍ രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വില്‍സണെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് രാജസ്ഥാന്‍ സ്വദേശി മുരളി മുകേഷിനും കേസില്‍ പങ്കുണ്ടെന്ന് വ്യക്തമായത്. തുടര്‍ന്ന് ഇയാളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.