BREAKING NEWS : യു.ഡി.എഫ് എം.പിമാരുടെ സമ്മര്‍ദ്ദം ഫലം കണ്ടു : പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാം ; കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി

B.S. Shiju
Saturday, April 25, 2020

ദുബായ് : കൊവിഡ് കാലഘട്ടത്തില്‍ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള ഇന്ത്യയുടെ വിലക്ക് നീക്കി. യു.ഡി.എഫ് എം.പിമാരുടെ ശക്തമായ സമ്മര്‍ദത്തിനൊടുവിലാണ് കേന്ദ്രത്തിന്‍റെ നടപടി. പ്രവാസികള്‍ക്കായി ധർണ ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി കോണ്‍ഗ്രസും ശക്തമായി രംഗത്തെത്തിയതോടെ വിഷയം സജീവമായിരുന്നു.

ഇതോടെ ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസികളുടെ മൃതദേഹം തടസങ്ങള്‍ ഇല്ലാതെ പഴയതുപോലെ കൊണ്ടുപോകാന്‍ കഴിയും. വിലക്ക് നീക്കിയുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഉത്തരവിന്‍റെ പകർപ്പ് ദുബായില്‍ ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു. അതേസമയം കൊവിഡ് മരണം സ്ഥിരീകരിച്ച മൃതദേഹങ്ങള്‍ ഇത്തരത്തില്‍ കൊണ്ടു പോകാന്‍ അനുവദിക്കില്ല.

നേരത്തെ ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്ക് വരുന്ന കാര്‍ഗോ വിമാനങ്ങളുടെ മടക്കയാത്രയിലാണ് ഇത്തരത്തില്‍ മലയാളികളുടേത് ഉള്‍പ്പടെയുള്ളവരുടെ മൃതദേഹങ്ങള്‍ കയറ്റി അയച്ചിരുന്നത്. പിന്നീട് ദിവസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര സര്‍ക്കാര്‍  ഉത്തരവിലൂടെ ഇത് റദ്ദാക്കുകയായിരുന്നു. ഇതേതുടര്‍ന്ന് യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കടുത്ത പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെതിരെ ഉയര്‍ന്നിരുന്നു. പുതിയ നടപടിയോടെ ഇനി കുടുങ്ങി കിടുക്കുന്ന മൃതദേഹങ്ങള്‍ കൂടി ഇന്ത്യയിലെത്തും.