ലഡാക്കിലെ സൈനിക വാഹനാപകടം : മരണമടഞ്ഞ മലപ്പുറം സ്വദേശി ലാന്‍സ് ഹവില്‍ദാര്‍ മുഹമ്മദ് ഷൈജലിന്‍റെ ഭൗതിക ശരീരം നാട്ടിലെത്തിച്ചു

മലപ്പുറം : ലഡാക്കിൽ സൈനിക വാഹനാപകടത്തിൽ മരണമടഞ്ഞ  പരപ്പനങ്ങാടി സ്വദേശി ലാന്‍സ് ഹവില്‍ദാര്‍ മുഹമ്മദ് ഷൈജലിന്‍റെ  ഭൗതിക ശരീരം നാട്ടിലെത്തിച്ചു. രാവിലെ എയർ ഇന്ത്യ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ച ഭൗതിക ശരീരം ജില്ലാ കലക്ടർ വി. ആർ പ്രേം കുമാറിന്‍റെ  നേതൃത്വത്തിൽ ഏറ്റുവാങ്ങി. ഇ.ടി മുഹമ്മദ് ബഷീർ എം.പി, എം. എൽ. എമാരായ പി. അബ്ദുൾ ഹമീദ് , കെ.പി.എ മജീദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  എം.കെ റഫീഖ, എയർപോർട്ട് ഡയറക്ടർ സുരേഷ് ശേഷാദ്രി വാസം തുടങ്ങിയവർ ഭൗതിക ശരീരത്തിൽ അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന് മലപ്പുറം ജില്ലാ സൈനീക കൂട്ടായ്മയുട നേതൃത്വത്തിൽ ആംബുലൻസിൽ വിലാപയാത്രയായാണ് സൈനീകന്‍റെ ഭൗതിക ശരീരം സ്വദേശമായ പരപ്പനങ്ങാടിയിലേക്ക് കൊണ്ടുപോയത്.

തിരൂരങ്ങാടി യതീം ഖാനയിലും, സൂപ്പിക്കുട്ടി നഹ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലും പൊതുദർശനത്തിന് വയ്ക്കും. വൈകീട്ട് മൂന്നിന് അങ്ങാടി മുഹയദീൻ ജുമാഅത്ത് പള്ളിയിലാണ് സംസ്‍കാരം. മുഹമ്മദ് ഷൈജല്‍ 20 വര്‍ഷമായി സൈനികസേവനത്തില്‍ തുടരുകയായിരുന്നു. നീണ്ടകാലം ഗുജറാത്തിലെ ക്യാമ്പില്‍ ഹവില്‍ദാറായിരുന്ന ഷൈജല്‍ കശ്മീരിലെ ക്യാമ്പിലേക്ക് സ്ഥലം മാറിപ്പോകുന്നതിനിടെയാണ് ലഡാക്കിൽ വച്ച് വാഹനം നദിയിലേക്ക് തെന്നി അപകടമുണ്ടായത്. ഭാര്യ റഹ്‌മത്ത്, പതിനൊന്ന് വയസുകാരി ഫാത്തിമ സന്‍ഹ, എട്ടുവയസുകാരന്‍ തന്‍സില്‍, രണ്ടര വയസുള്ള ഫാത്തിമ മഹസ എന്നിവരാണ് മക്കള്‍.

Comments (0)
Add Comment