സിഎജിയെ തടയുന്നത് ഇടതു രാഷ്ട്രീയമല്ല : ജി.ദേവരാജന്‍


കിഫ്ബി മുഖാന്തിരം പൊതുഫണ്ട് വിനിയോഗിക്കുന്നതിന്‍റെ കണക്കുകള്‍ ഭരണഘടനാ സ്ഥാപനമായ സിഎജി പരിശോധിക്കുന്നതിനെ എതിര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ ഇടതു രാഷ്ട്രീയമല്ലെന്നു ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍.

സര്‍ക്കാരില്‍ നിന്നുള്ള ധനസഹായവും സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കി  എടുക്കുന്ന വായ്പകളുമാണ് കിഫ്ബിയുടെ വരുമാനം. അതിനാല്‍ സുതാര്യവും വിശ്വാസ്യയോഗ്യമായ പരിശോധന നടക്കേണ്ടത്‌ ജനാധിപത്യത്തില്‍ അത്യാവശ്യമാണ്. എന്‍.ടി.പി.സി., ബി.എസ്.എന്‍.എല്‍ പോലെയുള്ള ഒരു പൊതുമേഖലാ സ്ഥാപനമല്ല കിഫ്ബി. കിഫ്ബി യഥാര്‍ത്ഥത്തില്‍ ഒരു കണ്‍സോര്‍ഷ്യം ആണ്. വിവിധ വകുപ്പുകള്‍ നേരിട്ട് നടത്തേണ്ടുന്ന പശ്ചാത്തല സൗകര്യ വികസന പദ്ധതികള്‍ നടത്തുന്നതിനായി നിയമം മൂലം സ്ഥാപിതമായ ഏജന്‍സി മാത്രമാണ് കിഫ്ബി. അതിനാല്‍ കിഫ്ബിയുടെ കണക്കുകള്‍ പരിശോധിക്കുവാന്‍ സിഎജിക്ക് അധികാരമുണ്ട്‌. കിഫ്ബി ഉണ്ടെങ്കില്‍ മാത്രമേ വികസന പരിപാടികള്‍ നടത്താന്‍ കഴിയൂവെന്നു വാശി പിടിക്കുന്നതും യുക്തിക്ക് നിരക്കുന്നതല്ല.

വിദേശത്തു നിന്നായാലും സ്വദേശത്തു നിന്നായാലും കിഫ്ബിയിലേക്ക് എടുക്കുന്ന വായ്പകള്‍ക്ക് സര്‍ക്കാരാണ് ഗ്യാരണ്ടി നില്‍ക്കുന്നത്. അതിനാല്‍ വായ്പയുടെ ബാധ്യത പൊതു ജനങ്ങള്‍ക്കാണ്. പദ്ധതി നടത്തിപ്പുകള്‍ക്കായി മാത്രമുള്ള ഏജന്‍സിയായ കിഫ്ബിക്ക് വിദേശ വായ്പ്പകള്‍ സ്വീകരിക്കുവാന്‍ നിലവിലെ നിയമങ്ങള്‍ അനുസരിച്ച് അനുവാദമില്ല. അതിനാല്‍ ലണ്ടനില്‍ മസാല ബോണ്ട്‌ വിറ്റ് വായ്പയെടുത്ത നടപടി ഭരണഘടനാ വിരുദ്ധമെന്ന് സിഎജി ചൂണ്ടിക്കാട്ടുമ്പോള്‍ അതിനെ എതിര്‍ക്കുന്ന ധനമന്ത്രി അനാവശ്യ കീഴ്വഴക്കങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും ദേവരാജന്‍ അഭിപ്രായപ്പെട്ടു.

Comments (0)
Add Comment