‘എന്‍റെ പെരുന്നാളിങ്ങനെയാ… ‘ മാതൃകയായി നൗഷാദ്…

Jaihind News Bureau
Monday, August 12, 2019

വയനാട്, നിലമ്പൂർ എന്നിവിടങ്ങളിലെ ക്യാമ്പുകളിലേക്ക് വസ്ത്രം ശേഖരിക്കാൻ ഇറങ്ങിയവരോട് തന്‍റെ കടയിലേക്ക് ഒന്ന് ചെല്ലുമോ എന്ന് ചോദിച്ച് നൗഷാദ് എത്തിയപ്പോള്‍ ഇത്രയും അവര്‍ പോലും പ്രതീക്ഷിച്ചില്ല. കട തുറന്ന് വിൽപ്പനയ്ക്കായി വച്ചിരുന്ന പുതിയ വസ്ത്രങ്ങളെല്ലാം വാരി ചാക്കിൽ കയറ്റി നൗഷാദ് നല്‍കുമ്പോഴും അവരുടെ അമ്പരപ്പ് മാറിയിരുന്നില്ല.

കുട്ടികൾക്കും സ്ത്രീകൾക്കുമടക്കമുള്ള പുതുവസ്ത്രങ്ങൾ വാരി ചാക്കിൽക്കെട്ടി നല്‍കി നൗഷാദ് ഒരുപാട് നല്ല മനസ്സുകൾക്കൊപ്പം മഴക്കെടുതിയിൽ വലയുന്ന കേരളത്തിനു കൈത്താങ്ങായി. വന്‍കിട കച്ചവടക്കാരനല്ല നൗഷാദ്. വഴിയോരകച്ചവടക്കാരനാണ്. ഗോഡൗണിലെ പുതുവസ്ത്രങ്ങള്‍ വാരിക്കെട്ടി നല്‍കുമ്പോള്‍ നൗഷാദിന്‍റെയും ഭാര്യയുടെയും മുഖത്ത് ചാരിതാര്‍ത്ഥ്യം മാത്രം. ചെയ്തു നല്‍കിയ വലിയ നന്മയുടെ വലിപ്പത്തെക്കുറിച്ച് തെല്ലും അഹങ്കാരമില്ലാതെ ‘നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂലല്ലോ? നാട്ടുകാരെ സഹായിക്കുന്നതാണ് എന്‍റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്‍റെ പെരുന്നാളിങ്ങനെയാ…’ എന്ന് പറഞ്ഞ് നൗഷാദ് എന്ന മനുഷ്യൻ മലയാളക്കരയ്ക്ക് അഭിമാനമായി മാതൃകയായി തിളങ്ങുന്നു. നൂറുകണക്കിന് ആളുകളുടെ ഹൃദയത്തില്‍ നിന്നുള്ള പ്രാര്‍ത്ഥന കൂട്ടായുണ്ടാകും നൗഷാദിനും കുടുംബത്തിനും.

https://youtu.be/CNroAKXb-FQ

സിനിമാ-നാടക നടൻ രാജേഷ് ശർമയോടാണ് നൗഷാദ് കടയിലേക്ക് വരാൻ ആവശ്യപ്പെടുന്നതും ഇത്രയും വസ്ത്രങ്ങൾ നൽകിയതും. ഇതാണെന്‍റെ ലാഭം എന്ന് തുറന്നുപറഞ്ഞ ആ സ്നേഹത്തെ ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് രാജേഷ് ശർമ കേരളത്തിന് മുന്നിലെത്തിച്ചത്.

വീഡിയോ കണ്ട് നിരവധി പേരാണ് നൗഷാദിനെ അഭിനന്ദിച്ച് എത്തുന്നത്. നൗഷാദ് മാതൃകയും പ്രചോദനവുമാണ് നിരവധി പേര്‍ പറയുന്നു. നടനും നിര്‍മ്മാതാവുമായ തമ്പി ആന്‍റണിയും നൗഷാദിനെ അഭിനന്ദിച്ച് രംഗത്തെത്തി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ആശംസ അറിയിച്ചത്. ഒപ്പം നൗഷാദിന് 50000 രൂപയുടെ സഹായവും അദ്ദേഹം ഉറപ്പ് നല്‍കുന്നു.